Special

മുന്നിലോ നീ ഉണ്ടെന്നാകില്‍…

ഇന്ന് വര്‍ഷ പ്രതിപദ. വിക്രമ സംവത്സരമനുസരിച്ചും ശകവര്‍ഷമനുസരിച്ചും ഭാരതീയന്റെ പുതുവര്‍ഷം തുടങ്ങുന്നദിനമാണിന്ന് . 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വര്‍ഷപ്രതിപദ ദിനത്തിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ജനിക്കുന്നതും

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് സമന്വയത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിട്ട് 1925 ലാണ് ഹെഡ്‌ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത് . ഭാരതത്തിന്റെ കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയില്‍ ഡോക്ടര്‍ജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്.

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവുമായിരുന്നു. ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടര്‍ന്ന് 1921 ല്‍ ഒരു വര്‍ഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയില്‍ കഠിനശിക്ഷ അനുഭവിച്ചു. സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.

1930 ല്‍ നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയില്‍ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയര്‍ന്ന് വന്നില്ലെങ്കില്‍ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദര്‍ശി 1925 സെപ്റ്റംബര്‍ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്ക്ക് തുടക്കമിട്ടു. കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടര്‍ജിയുടെ ദീര്‍ഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവര്‍ത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് സംഘം സ്ഥാപിച്ചത്. അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേര്‍ക്കാന്‍ അദ്ദേഹം യത്‌നിച്ചു. തന്റെ അഭാവത്തിലും യാതൊരു പരിക്കുമേല്‍ക്കാതെ മുന്നോട്ട് പോകുന്ന വിധത്തില്‍ കുറ്റമറ്റതായി സംഘത്തെ രൂപകല്‍പ്പന ചെയ്‌തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടര്‍ന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്.

ഒരിക്കല്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച ഡോക്ടര്‍ജിയോട് ആര്‍എസ്എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു. ‘ ഡോക്ടര്‍ജീ നിങ്ങളുടെ സ്വഭാവവും നിസ്വാര്‍ത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങള്‍ വിജയിക്കുമെന്നതില്‍ സംശയമില്ല” മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു.

1940 ജൂണ്‍ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദര്‍ശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളില്‍ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഇന്നും ജീവിക്കുന്നു.

”മുന്നിലോ നീ ഉണ്ടെന്നാകില്‍ എന്തെനിക്കസാദ്ധ്യം..?
മഹാമേരു മണ്‍പുറ്റാകും മൃത്യു മിത്രമാകും
ആഴ്കടല്‍ ചെറുകുഴിയായ് മാറും , തീ നിലാവുമാകും”

3K Shares
Back to top button
Close