IndiaSpecial

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാഞ്ഞതെന്ത് ? ആശുപത്രി തുറന്നു കിടക്കുകയല്ലേ അവർക്ക് പോകാമായിരുന്നല്ലോ എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ; മാപ്പ് പറഞ്ഞാലും മറക്കാനാകില്ല കൊടും ക്രൂരതയുടെ ജാലിയൻ വാലാബാഗ്

കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13 .

പഞ്ചാബിലെ അമൃത് സറിൽ ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് ജാലിയൻ വാലാബാഗിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സമ്മേളിച്ച ജനക്കൂട്ടത്തിന് നേരേ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറിന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയായിരുന്നു . അനൗദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ ആയിരത്തിലധികമാണ് . ഇരട്ടിയിലധികം പേർ പരിക്കേറ്റ് വീണു

പരിക്കേറ്റവരെ എന്തുകൊണ്ട് ആശുപത്രിയിലെത്തിച്ചില്ല എന്ന ഹണ്ടർ കമ്മീഷന്റെ ചോദ്യത്തിന് ആശുപത്രികൾ തുറന്നു കിടക്കുകയായിരുന്നെന്നും പരിക്കേറ്റവർക്ക് പോകാമായിരുന്നല്ലോയെന്നുമാണ് ഡയർ പറഞ്ഞത് . മറ്റൊരു 1857 നെ തടയുകായിരുന്നു താൻ ചെയ്തത് എന്നാണ് അയാൾ അവകാശപ്പെട്ടത് . ജാലിയൻ വാലാബാഗിലെ ഇടുങ്ങിയ വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചവർ പോലും വെടിയേറ്റ് വീണത് ഡയറുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ചു

നിരായുധരായ ജനങ്ങൾക്ക് നേരെ 1650 റൗണ്ട് വെടിയുതിർത്ത പട്ടാളക്കാർ തിരകൾ തീർന്നത് കൊണ്ട് മാത്രമാണ് വെടിവെപ്പ് നിർത്തിയത് . കർഫ്യൂ പ്രഖ്യാപിച്ചതിനാൽ വെടിയെറ്റു വീണവരെ ആശുപത്രിയിൽ പോലും എത്തിക്കാൻ ആർക്കും കഴിഞ്ഞില്ല . പരിക്കേറ്റവരിൽ ഭൂരിഭാഗവും രാത്രിയോടെ മരിച്ചത് മരണസംഖ്യ കൂടാൻ കാരണമായി .സംഭവത്തിൽ ഭാരതത്തിനകത്തും പുറത്തും പ്രതിഷേധങ്ങളുയർന്നു . രവീന്ദ്രനാഥ ടാഗോർ ബ്രിട്ടൻ നൽകിയ സ്ഥാനമാനങ്ങൾ ത്യജിച്ച് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .

ഒടുവിൽ നിർബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികർക്ക് ഡയർ വീരപുരുഷനായി മാറി .വെടിയുതിർക്കാൻ ഡയറിന് നിർദ്ദേശം നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനൻഡ് ഗവർണർ മൈക്കൽ ഓഡയറും പ്രകീർത്തിക്കപ്പെട്ടു .

ജാലിയൻ വാലാബാഗിന്റെ പ്രതിഷേധം അവിടം കൊണ്ട് തീർന്നില്ല . സംഭവത്തിന് ദൃക്സാക്ഷിയായ ഒരു പത്തൊൻപത് കാരൻ മരിച്ചു വീണവരെ സാക്ഷി നിർത്തി അന്നൊരു പ്രതിജ്ഞയെടുത്തു . ജാലിയൻ വാലാബാഗ് ക്രൂരതയ്‌ക്ക് പകരം ചോദിക്കുമെന്നായിരുന്നു പ്രതിജ്ഞ .

ഡയറിന്റെ വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാർത്തിയ മൈക്കൽ ഓഡയറിനെ നീണ്ട 21 വർഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന് ഉദ്ധം സിംഗ് തന്റെ പ്രതിജ്ഞ പാലിച്ചു . ലോക മനസാക്ഷിക്ക് മുന്നിൽ വെള്ളക്കാരന്റെ നൃശംസത ഒരിക്കൽ കൂടി തുറന്ന് കാട്ടാൻ ആ കൃത്യത്തിനു കഴിഞ്ഞു . മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ട പഞ്ചാബ് ജനതയ്‌ക്ക് വേണ്ടി പ്രതികാരം ചെയ്ത് ഉദ്ധം സിംഗ് രാഷ്‌ട്രത്തോടുള്ള കടമ പൂർത്തിയാക്കുകയും ചെയ്തു

ജാലിയൻ വാലാബാഗിന്റെ പട്ടടയിൽ രാഷ്‌ട്രത്തിനു വേണ്ടി എരിഞ്ഞമർന്നവരെ നമുക്ക് മറക്കാതിരിക്കാം . ഒപ്പം ഉദ്ധം സിംഗിനേയും .

712 Shares
Back to top button
Close