ന്യൂഡല്‍ഹി: 17ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രചോദനവുമായി ഗൂഗിളിന്റെ ഡൂഡില്‍. വലതു കൈയിലെ ചൂണ്ടുവിരലില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന രീതിയിലാണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ എന്ന് എഴുതുമ്പോള്‍ ഉള്ള രണ്ട് ‘o’ കളില്‍ ഒന്നിനെയാണ് വോട്ടുരേഖപ്പെടുത്തിയ കൈയായി ചിത്രീകരിച്ചിരിക്കുന്നത്.
ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എങ്ങനെയാണ് വോട്ടുചെയ്യുന്നതെന്ന് വിശദമാക്കുന്ന ഒരു പേജിലേയ്ക്കാണ് എത്തുന്നത്.
പേജില്‍ പോളിങ് ബൂത്തുകള്‍, സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച തിയതികള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, വോട്ടിംഗ് മെഷീന്റെ വിവരണങ്ങല്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല വോട്ടുചെയ്യാനെത്തുന്ന ഒരു വ്യക്തിക്ക് ഏതെല്ലാം നടപടിക്രമങ്ങള്‍ പാലിക്കണമെന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തില്‍ അനുവദനീയമല്ലാത്ത ഉപകരണങ്ങളെക്കുറിച്ചും പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 പൊതു തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ് ആരംഭിച്ചത്. മേയ് 19 നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.543 മണ്ഡലങ്ങളില്‍ 7 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണുന്നത്. ഫലവും അന്ന് തന്നെ അറിയാന്‍ സാധിക്കും.