അനന്തമായ കടല്‍. ആഴങ്ങളില്‍ നിന്നും ഊളിയിട്ടത് ജീവിതത്തിലേയ്ക്ക്. പതിവുപോലെ റിഗ്ഗിലെ ദിനചര്യകളില്‍ മുഴുകവേയാണ് ജീവനക്കാരുടെ ശ്രദ്ധയില്‍ ആ കാഴ്ച പതിയുന്നത്. തായ് സമുദ്രത്തിന്റെ തിരമാലകള്‍ക്കിടയില്‍ ഒരു ജീവന്റെ തുടിപ്പ്. അത് ഒരു നായ ആയിരുന്നു. പിന്നെ അമാന്തിച്ചില്ല. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ നായയ്ക്ക് പുനര്ജന്മം.
ആ തവിട്ട് നിറക്കാരന് അവര്‍ പേരും ഇട്ടു. ബോണ്റോഡ്…തായ് ഭാഷയില്‍ ബോണ്റോഡ് എന്നാല്‍ കര്‍മ്മത്തെ അതിജീവിച്ചവന്‍ എന്നാണര്‍ത്ഥം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ് സമുദ്രാതിര്‍ത്തിയില്‍ തിരമാലക്കിടെ ജീവനുവേണ്ടി പൊരുതുന്ന നായയെ റിഗ് ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്. ജീവനക്കാര്‍ പറയുന്നതനുസരിച്ച് നായ 220 കിലോമീറ്ററോളം നീന്തിയെന്നാണ് കരുതുന്നത്. നായ എങ്ങനെ അവിടെ എത്തിയെന്നോ എത്ര ദിവസമായി സമുദ്രത്തില്‍ അകപ്പെട്ടിട്ടെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നായ മീന്‍പിടുത്തക്കാരുടെ കപ്പലില്‍ നിന്നും കടലില്‍ വീണ് പോയതാകാമെന്നാണ് കരുതുന്നത്. റിഗ് കണ്ടപ്പോള്‍ ഇതിനെ ലക്ഷ്യം വെച്ച് നീന്തിയതാകാം.
ഇപ്പോള്‍ മൃഗഡോക്ടറുടെ സംരക്ഷണത്തില്‍ കഴിയുന്ന നായ സുഖം പ്രാപിച്ച് വരുന്നു. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം രക്ഷകരായ റിഗിലെ ജീവനക്കാരില്‍ ഒരാളായ വിറ്റിസക് പേയല നായയെ വളര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസം റിഗ്ഗില്‍ തങ്ങിയ നായയെ മറ്റൊരു കപ്പലില്‍ സോങ്്ഖ്ല തുറമുഖത്തെത്തിച്ചു. തീരത്തെത്തിയ നായയെ മൃഗസംരക്ഷകരുടെ സംഘടനയായ വാച്ച് ഡോഗ് തായ്ലന്റിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. നായ ഇപ്പോള്‍ ചാരിറ്റി സംഘടനയായ സ്മൈല്‍ ഡോഗ് ഹൗസിലാണ് ഉള്ളത്.