കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജഗദ്ദാലിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടി മുടക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ആസൂത്രിത നീക്കം. പരിപാടിക്കായി നിശ്ചയിച്ചിരുന്ന മൈതാനം കുഴിച്ച് ഉപയോഗശൂന്യമാക്കിയതായി ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഭരണകൂടമാണ് നീക്കത്തിന് പിന്നിലെന്ന് ബിജെപി എംപി അർജ്ജുൻ സിങ് കുറ്റപ്പെടുത്തി.
ബാറക്‌പോർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപിയായ അർജുൻ സിങ് തൃണമൂലിന്റെ വൃത്തികെട്ട മനോനിലയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. മെയ് 12 നാണ് പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പരിപാടിക്ക് നിശ്ചയിച്ചിരുന്ന മൈതാനം കുഴിക്കുകയും മാലിന്യം തളളുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോപണത്തെ പ്രതിരോധിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തി. നിലം കുഴിച്ചിട്ടില്ലെന്നും നിരപ്പാക്കുകമാത്രമാണ് ചെയ്തതെന്നും തൃണമൂൽ കോൺഗ്രസ് എംഎൽഎ സോമനാഥ് ശ്യാം പ്രതികരിച്ചു. മാലിന്യം നീക്കം ചെയ്ത് സൈന്യത്തിൽ ചേരാൻ പരിശീലനം നടത്തുന്ന യുവാക്കൾക്കുള്ള പരിശീലന ഗ്രൗണ്ട് ആക്കി മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് എംഎൽഎയുടെ വിശദീകരണം.















