ഭുവനേശ്വര്‍: കൊടുംവേനലിലെത്തിയ ചുഴലിക്കാറ്റില്‍ വിയര്‍പ്പൊഴുക്കി ഒഡീഷ. ഫോനി തകര്‍ത്ത 9 ജില്ലകളിലും വൈദ്യുതി ബന്ധം താറുമാറായതോടെ കൊടുംചൂടില്‍ വലയുകയാണ് ഇവിടത്തെ ജനങ്ങള്‍.
സമീപകാലത്ത് ഒഡീഷയില്‍ നാശം വിതച്ച ചുഴലിക്കാറ്റെല്ലാം വീശിയടിച്ചത് ശൈത്യകാലത്തായിരുന്നു. എന്നാല്‍ വേനലില്‍ എത്തിയ ഫോനി തകര്‍ത്തെറിഞ്ഞ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാതെ വലയുകയാണ് അധികൃതര്‍. ഇതിന് മുന്‍പ് 1976 ഏപ്രിലിലാണ് ഒഡീഷയെ വേനല്‍ക്കാല ചുഴലിക്കാറ്റ് ബാധിച്ചത്.
ആളപായം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയെന്നത് കനത്ത വെല്ലുവിളി തന്നെയാണ്. 15 ലക്ഷത്തോളം വൈദ്യുതി പോസ്റ്റുകള്‍ നശിച്ചതായാണ് കണക്ക്. ഇതോടെ 35 ലക്ഷം കുടുംബങ്ങള്‍ ഇരുട്ടിലായി. പുരി, ഖുര്‍ദ, കട്ടക്ക് എന്നീ ജില്ലകളാണ് ഏറ്റവും ദുരന്തം അനുഭവിക്കുന്നത്.
പലേടത്തും മരങ്ങളും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും വൈദ്യുതി പോസ്റ്റുകളുടെ മേല്‍ വീണ നിലയിലാണ്. ഇവ നീക്കം ചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.
7000 ത്തോളം വൈദ്യുതി ജീവനക്കാരാണ് ഇതിനായി രംഗത്തുളളത്. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 3000 ലേറെ ജീവനക്കാരും സഹായത്തിന് എത്തിയിട്ടുണ്ട്.