Special

രണ്ടാം പൊഖ്റാന്‍ ആണവപരീക്ഷണത്തിന്റെ സ്മരണയിൽ രാജ്യം

രണ്ടാം പൊഖ്റാന്‍ ആണവപരീക്ഷണത്തിന്റെ സ്മരണയിലാണ് രാജ്യം. ഓപ്പറേഷന്‍ ശക്തി എന്നറിയപ്പെട്ട പരീക്ഷണത്തിനൊടുവില്‍ ഭാരതം സമ്പൂര്‍ണ ആണവ രാഷ്ട്രമായതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി അഞ്ച് പരീക്ഷണങ്ങളായിരുന്നു നടത്തിയത്.

അമേരിക്കയുടെ മുന്നറിയിപ്പും ഉപരോധവും അവഗണിച്ചായിരുന്നു വാജ്‌പേയി സര്‍ക്കാര്‍ പരീക്ഷണവുമായി മുന്നോട്ടുപോയത്. 1995 ല്‍ പരീക്ഷണം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഉപഗ്രഹചിത്രങ്ങളിലൂടെ ഇക്കാര്യം മനസിലാക്കിയ അമേരിക്ക വിലക്കുകയായിരുന്നു. പരീക്ഷണത്തിനുളള ഒരുക്കങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നരസിംഹറാവുവിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഇതിന് വഴങ്ങിയ റാവു സര്‍ക്കാര്‍ പരീക്ഷണത്തിനുളള തയ്യാറെടുപ്പുകള്‍ മന്ദഗതിയിലാക്കി.

ഭാരതം സമ്പൂര്‍ണ ആണവശേഷി കൈവരിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന വിലയിരുത്തലിലായിരുന്നു ക്ലിന്റണ്‍ ഭരണകൂടത്തിന്റെ നടപടി. എന്നാല്‍ 1998 ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചുവന്ന വാജ്‌പേയി സര്‍ക്കാര്‍ അമേരിക്കയുടെ വിലക്ക് മറികടന്ന് പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എത് ഉപരോധവും നേരിടാന്‍ ഭാരതം തയ്യാറാണെന്നായിരുന്നു വാജ്‌പേയിയുടെ മറുപടി.

സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ബിജെപിയും ശക്തമായ പിന്തുണ നല്‍കി. ഒരു രാജ്യത്തെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി അodധ്യക്ഷനായിരുന്ന കുശഭാവു താക്കറെ പറഞ്ഞു. അമേരിക്കയുടെ ചാരക്കണ്ണുകള്‍ വെട്ടിച്ചായിരുന്നു ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അന്‍പത്തിയെട്ടാം റെജിമെന്റിനായിരുന്നു തയ്യാറെടുപ്പുകളുടെ ചുമതല.

ഡിആര്‍ഡിഒയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമും ആണവോര്‍ജ്ജ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. ചിദംബരവുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 1998 മെയ് 11 ന് ആദ്യ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 13 ന് നടത്തിയ രണ്ട് പരീക്ഷണങ്ങള്‍ കൂടി വിജയിച്ചതോടെ ഓപ്പറേഷന്‍ ശക്തിക്കൊപ്പം നട്ടെല്ലുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും ഭാരതത്തിന്റെ കര്‍മ്മശേഷിയുമാണ് വെളിപ്പെട്ടത്.

പരീക്ഷണത്തിന്റെ വിജയവാര്‍ത്ത പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയില്‍ നിന്ന് രാജ്യം ശ്രവിച്ചത് ആഹ്ലാദത്തോടെയായിരുന്നു. പരീക്ഷണം വിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ച മെയ് 16 ദേശീയ അഭിമാന ദിനമായി ബിജെപി ആഘോഷിക്കുകയും ചെയ്തു.

20 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close