ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് പ്രശംസയുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മീഷന് മികച്ച രീതിയിലാണ് നടത്തിയതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. നമ്മുടെ ഭരണഘടന സ്ഥാപനങ്ങളെല്ലാം രാജ്യത്തെ മികച്ച രീതിയിലാണ് സേവിക്കുന്നത്. സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വരെയുള്ളവര്‍ നന്നായിട്ടാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണ നിര്‍വഹണ സമിതിയാണ് എല്ലാവരേയും നിയമിക്കുന്നത്. അവര്‍ അവരുടെ ജോലി നല്ല രീതിയില്‍ ചെയ്യുന്നുണ്ട്. അവരെ അനാവശ്യമായി വിമര്‍ശിക്കേണ്ടതില്ല. വളരെ കൃത്യതയോടെയുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് തൊട്ടടുത്ത ദിവസമാണ് പ്രണബ് മുഖര്‍ജിയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതം കാണിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.