മണ്ഡി: കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 8 സ്പൂണുകള്‍, 2 സ്ക്രൂഡ്രൈവറുകള്, 2 ടൂത്ത് ബ്രഷുകള്‍, ഒരു കത്തി മുതലായ സാധന സാമഗ്രികള്‍. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് സംഭവം.
വയറ്റില്‍ നീരുണ്ടായതിനേ തുടര്‍ന്ന് സുന്ദര്‍ നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ കരണ്‍ സെന്‍ എന്ന യുവാവിന്റെ വയറ്റില്‍ ഡോക്ടര്‍മാര്‍ കത്തിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ഇയാളുടെ വയറ്റില്‍ കത്തിക്കു പുറമേ മറ്റു പല സാധനങ്ങളും ഉള്ളതായി കണ്ടെത്തിയത്. 3 ഡോക്ടര്‍മാരുടെ സംഘം നടത്തിയ 4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കത്തിയും മറ്റു സാധനങ്ങളും നീക്കം ചെയ്തത്.
ഈ സംഭവത്തെ ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്’ എന്നാണ് ഡോക്ടര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ഡോ.നിഖില്‍ വിശേഷിപ്പിച്ചത്. കരണ്‍ സെന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.