ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ വീണ്ടും പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും പുകഴ്ത്തി കോണ്‍ഗ്രസ് എംപി രംഗത്ത്. തമിഴ്നാട്ടിലെ പ്രമുഖ നേതാവും കന്യാകുമാരി എംപിയുമായ എച്ച്.വസന്തകുമാറാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് തീരത്തകപ്പെട്ട തമിഴ്നാട് സ്വദേശികളായ 20 മത്സ്യബന്ധന തൊഴിലാളികളെ തീരദേശ സംരക്ഷണ സേന രക്ഷപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനേ തുടര്‍ന്നാണ് അടിയന്തരമായി മത്സ്യ ബന്ധന തൊഴിലാളികളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് വസന്തകുമാര്‍ എംപി മോദി സര്‍ക്കാരിനെ പ്രശംസിച്ചിരിക്കുന്നത്. എന്നാല്‍ എംപിയുടെ ഈ തീരുമാനത്തില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് 20 മത്സ്യ ബന്ധന തൊഴിലാളികള്‍ ലക്ഷദ്വീപ് തീരത്തു കുടുങ്ങിയെന്ന വിവരം ചൂണ്ടിക്കാട്ടി അടിയന്തര സഹായം ആവശ്യപ്പെട്ട് വസന്തകുമാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ തന്നെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരദേശ സംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 20 പേരെയും സുരക്ഷിതരായി തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
എച്ച്.വസന്തകുമാര്‍ തമിഴ്നാട്ടിലെ പ്രമുഖനായ നേതാവും ബിസിനസുകാരനുമാണ്. ഗൃഹോപകരണങ്ങളുടെ ചില്ലറ വില്‍പ്പന നടത്തുന്ന ‘വസന്ത് & കമ്പനി’ എന്ന കച്ചവടസ്ഥാപനത്തിനു പുറമേ ‘വസന്ത് ടിവി’യുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.