ഭോപ്പാല്‍: അപകടത്തില്‍ പെട്ട രാജധാനി എക്സ്പ്രസിന്റെ ബോഗിയിലേക്ക് കേരള എക്സ്പ്രസ് ഇടിച്ച് കയറി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരള എക്സ്പ്രസിന്റെ മുന്നില്‍ കടന്ന് പോയ രാജധാനി എക്സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീ പിടിച്ചിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി തീ പിടിച്ച ബോഗി മാറ്റിയതിന് ശേഷം യാത്ര തുടരുകയായിരുന്നു.
എന്നാല്‍ തൊട്ടു പിന്നാലെയെത്തിയ കേരള എക്സ്പ്രസിന്റെ എഞ്ചിനില്‍ ജനറേറ്റര്‍ കാര്‍ ഇടിക്കുകയായിരുന്നു. ജനറേറ്റര്‍ കാറിന് തീപിടിച്ചതായി കണ്ടതോടെ കേരള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രെയിന്‍ പിന്നോട്ട് എടുത്തെങ്കിലും ജനറേറ്റര്‍ കാര്‍ പിന്നോട്ടുരുണ്ട് ഇടിക്കുകയായിരുന്നു.
ഇതോടെ ട്രെയിനിലെ യാത്രക്കാര്‍ ലഗേജുമായി പുറത്തിറങ്ങി. റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് അഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു. തുടര്‍ന്ന് കേരള എക്സ്പ്രസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി.