ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗതി മാറുന്നു. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണ് ഇത് ഇപ്പോള്‍ നീങ്ങുന്നത്. അതിനാല്‍ ചുഴലിക്കാറ്റ് ഗുജറാത്തില്‍ കരയിലേക്ക് കയറി വീശാന്‍ സാധ്യതയില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശങ്ങള്‍ക്ക് സമീപത്ത് കൂടി വായു കടന്ന് പോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കരയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ കടന്ന് പോകുമെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കച്ച്, സൗരാഷ്ട്ര, മേഖലകളില്‍ നിന്നും 3 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യോമ-തീവണ്ടി ഗതാഗതത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ ഒരു വലിയ സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
മണിക്കൂറില്‍ 135-145 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റ് ശക്തി പ്രാപിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം 170 കിലോമീറ്റര്‍ വേഗത്തില്‍ കച്ച്, പോര്‍ബന്തര്‍ പ്രദേശത്ത് ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും.