ദോഹ. ഉച്ചച്ചൂടില്‍ ഉഷ്ണിച്ചുരുകുന്ന ഖത്തറിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ശനി മുതല്‍(ജൂണ്‍ 15) ഉച്ചവിശ്രമനിയമം നടപ്പാക്കുന്നു. തുറസായ തൊഴിലിടങ്ങളില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്കു 3 വരെ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതു വിലക്കുന്നതാണ് ഉച്ചവിശ്രമ നിയമം. ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജിസിസി രാജ്യങ്ങളിലെല്ലാം ഉച്ചവിശ്രമം നടപ്പാക്കുന്നുണ്ടെങ്കിലും നിയമം പ്രാബല്യത്തിലാവുകയും അവസാനിക്കുകയും ചെയ്യുന്ന തിയതികള്‍ വ്യത്യസ്തമാണ്.
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ 2007ലെ 16-ാം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചൂടേറുന്ന ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31വരെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ലഭിക്കുന്നത്.
ഔദ്യോഗികമായി നിയമം ഈ 15നേ പ്രാബല്യത്തിലാകൂ എങ്കിലും പല തൊഴിലിടങ്ങളിലും തളര്‍ച്ച തോന്നുന്ന തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ നേരത്തെതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പാംശവും കൂടിയതോടെയാണ് കമ്പനികള്‍ സ്വമേധയാ തൊഴിലാളികള്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാരും തൊഴിലിട സുരക്ഷാ സൂപ്പര്‍വൈസര്‍മാരും ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഉച്ചവിശ്രമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഒരുമാസത്തേക്ക് അടച്ചുപൂട്ടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതു തടയുന്നതിനാണ് ഉച്ചവിശ്രമ നിയമം ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കുന്നത്. ഉച്ചയ്ക്ക് നഷ്ടമാകുന്ന സമയം അതിരാവിലേ ജോലിയാരംഭിച്ചും വൈകിട്ട് സമയം നീട്ടിയുമാണ് പരിഹരിക്കുന്നത്. അതേസമയം ചില നിര്‍മാണ കമ്പനികള്‍ പകല്‍ ജോലി നിര്‍ത്തി രാത്രി പൂര്‍ണസമയം പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ പൂര്‍ണ വിശ്രമം ലഭിക്കുന്നതിനാല്‍ തൊഴിലാളികള്‍ കൂടുതല്‍ ഊര്‍ജസ്വലരാകും എന്നതാണ് ഇതിന്റെ മെച്ചം.