കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം നിരസിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം തകര്‍ക്കാനുള്ള ശ്രമമാണ് മമത സര്‍ക്കാറിന്റെത് എന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. ഇന്ന് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്താമെന്നാണ് മമത പറഞ്ഞിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.
പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്തു . പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഡല്‍ഹി എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അറിയിച്ചത് . പ്രശ്നം ഉടന്‍ അവസാനിപ്പിച്ച് ആശുപത്രികള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ,നോര്‍ത്ത് 24 പര്‍ഗാനാസ് , ബുര്ദ്വാന് , ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ വകുപ്പ് തലവന്മാരടക്കം മൂന്നുറിലേറെ ഡോക്ടര്‍മാരും രാജി വച്ചു .