IndiaSpecial

സ്മരിക്കാം ഭാരതമന്ത്രം…

“ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “…

സ്വാതന്ത്ര്യാനന്തര ഭാരതം കേട്ട ഏറ്റവും ശക്തവും യുക്തിഭദ്രവുമാ‍യ പ്രസ്താവനകളിൽ ഒന്നായിരുന്നു അത് . ഒരു രാഷ്ട്രത്തിൽ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാൻ അനുവദിക്കില്ലെന്ന പ്രസ്താവന വന്നത് സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജിയിൽ നിന്നായിരുന്നു .

ജമ്മു കശ്മീരിനു സ്വയം ഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖർജി ദുരൂഹമായ സാഹചര്യത്തിൽ കശ്മീർ ജയിലിൽ വച്ചു മരിക്കുകയാണുണ്ടായത് .ഇന്ന് , ജനസംഘ സ്ഥാപകനും മഹാനായ ദേശീയവാദിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ അറുപത്തി ആറാമത് ചരമ വാർഷികമാണ്.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും കൊൽക്കത്താ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന അശുതോഷ് മുഖർജിയുടേയും യോഗമായാ ദേവിയുടെയും മകനായി 1901 ജൂലൈ 6 നായിരുന്നു ശ്യാമപ്രസാദിന്റെ ജനനം . കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും , ബംഗാളിയിൽ ബിരുദാനന്തര ബിരുദവും നേടിയ മുഖർജി പിന്നീട് നിയമത്തിലും ബിരുദം നേടി . കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനുമായി .

ബംഗാൾ ലെജിസ്ലേറ്റീവ് കൌൺസിലിൽ കോൺഗ്രസ്സ് പ്രതിനിധിയായി 1929 ഇൽ പ്രവേശിച്ചു കൊണ്ട് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചു . 1934 ഇൽ കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി . നൂതനമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .പിന്നീട് ഹിന്ദു മഹാ സഭയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1940 ഇൽ അതിന്റെ വർക്കിംഗ് പ്രസിഡന്റായി .

ഫസലുൾ ഹഖുമായി ചേർന്ന് പുരോഗമന സഖ്യത്തിനു രൂപം നൽകുകയും ബംഗാളിൽ ഗവണ്മെന്റ് രൂപവത്കരിക്കുകയും ചെയ്തു . ഹഖ് പ്രധാനമന്ത്രിയും മുഖർജി ധനകാര്യമന്ത്രിയുമായിരുന്നു . ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടിയ സംഗതിയായിരുന്നു അത് .1940 കളുടെ ആദ്യപകുതിയിലുണ്ടായ ബംഗാൾ ക്ഷാമത്തിൽ കയ്യും മെയ്യും മറന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു . വളർന്നു കൊണ്ടിരിക്കുന്ന ദ്വിരാഷ്ട്രവാദത്തിനു പ്രതിവിധി കണ്ടെത്താൻ മുഹമ്മദാലി ജിന്നയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു .

സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഗവണ്മെന്റിൽ വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുഖർജി തന്റെ കാലയളവിൽ ഫലപ്രദമായ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു . എന്നാൽ 1950 ഇൽ കിഴക്കൻ പാകിസ്താനിൽ നടന്ന ഹിന്ദു വംശഹത്യയിൽ നിസ്സംഗമായി നിന്ന നെഹൃവിന്റെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ചു.

ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ച ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ഗാമിയായി 1951 ഒക്റ്റോബറിൽ ഭാരതീയ ജനസംഘം ശ്യാമ പ്രസാദ് മുഖർജിയുടെ അദ്ധ്യക്ഷയിൽ രൂപവത്കരിക്കപ്പെട്ടു . സൌത്ത് കൽക്കട്ട മണ്ഡലത്തിൽ നിന്ന് 1952 ഇൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . പാകിസ്താനെതിരെ ശക്തമായ നീക്കങ്ങൾക്കു വേണ്ടി വാദിച്ച അദ്ദേഹം ലോക സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു .

ജമ്മു കശ്മീരിനെ പൂർണ്ണമായും ഭാരതത്തോട് കൂട്ടിച്ചേർക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വൻ പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചു .അന്നത്തെ ആർ.എസ്സ്.എസ്സ് സർസംഘചാലക് എം എസ് ഗോൾവൽക്കർ അടക്കമുള്ളവരുടെ സ്നേഹപൂർണ്ണമായ ശാസനകൾക്ക് വഴങ്ങാതെ 1953 മേയ് 8 നു കാശ്മീരിലേക്ക് പോയി .ശ്യാമപ്രസാദ് മുഖർജിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എ ബി വാജ്പേയി. തന്റെ സന്തത സഹചാരിയായിരുന്ന വാജ്പേയിയെ കശ്മീരിന്റെ കവാടത്തിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചത് മുഖർജിയാണ് .

തനിക്കൊപ്പം വരുന്നതിനു പകരം തിരിച്ചു പോയി തന്റെ പ്രക്ഷോഭത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് വാജ്പേയിയോട് മുഖർജി ആവശ്യപ്പെട്ടു. പിന്നീട് മുഖർജി മടങ്ങിവന്നില്ല . 1963 മെയ് 11 നു അറസ്റ്റ് ചെയ്യപ്പെട്ടു . ജൂൺ 23 നു ദുരൂഹമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ വച്ച് ബലിദാനിയായി .

ഇന്ത്യക്കും കശ്മീരിനും വെവ്വേറെ പ്രധാനമന്ത്രി എന്നത് തിരുത്താൻ അദ്ദേഹത്തിന്റെ ബലിദാനത്തിനു കഴിഞ്ഞുവെങ്കിലും ഇന്നും രണ്ടു ഭരണഘടനയും രണ്ടു പതാകയും നിലനിന്നു പോരുന്നുണ്ട് . ഭരണഘടനയുടെ 370 -ം വകുപ്പിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനും ദേശീയൈക്യത്തിനു അതുണ്ടാക്കുന്ന അപകടം വിശകലനം ചെയ്യാനുമുള്ള ഇച്ഛാശക്തി ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

190 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close