പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ താല്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയതില്‍ അഴിമതിയെന്നാരോപിച്ച് യുവമോര്‍ച്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളേജില്‍ ബാലന് ഷാഫി കമ്മിഷനാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാതെ 153 താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബാലന് ഷാഫി കമ്മിഷനാണ് മെഡിക്കല്‍ കോളേജില്‍ നിയമനങ്ങള്‍ നടത്തുന്നതെന്നും ഇതിനു പുറകില്‍ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി പുറത്തു കൊണ്ടുവരാന്‍ മന്ത്രി. എ.കെ.ബാലനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഇതൊരു സൂചന സമരം മാത്രമാണെന്നും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ജില്ലാ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.