Movie Reviews

ലൂക്ക, പ്രണയത്തിലേക്ക് ഒരു മരണദൂരം

സുബീഷ് തെക്കൂട്ട്

പ്രണയം പറയാത്ത ചിത്രങ്ങൾ കുറവ്, പറഞ്ഞതിൽ പ്രണയം കടന്നുവരാത്ത ചിത്രങ്ങളും കുറവ്. എന്നാൽ, പ്രണയത്തിൽ പറയാത്ത പലതും ശേഷിക്കുന്നു ഇപ്പോഴും. പുതിയ കാലത്ത് അവയും സിനിമയാകുന്നു. അതിലൊന്ന് അനുരാജ് മനോഹറിന്‍റെ ഇഷ്ക്, രണ്ടാമത്തേത് അരുൺ ബോസിന്റെ ലൂക്ക.

ലൂക്ക മനോഹരമായ പ്രണയ ചിത്രം മാത്രമല്ല, പ്രണയം പരസ്പരം നെഞ്ച് പൊള്ളിക്കുന്നവരുടെ മനസ്സിന്റെ സങ്കീർണതകളിലേക്ക് സഞ്ചരിക്കുന്ന ആഴമേറിയ അനുഭവം കൂടിയാണ്. കലാകാരന്റെ ഏകാന്ത ജീവിതവും വരയുടെയും വർണങ്ങളുടേയും ലോകവും അവിടേക്ക് എത്തിച്ചേരുന്ന പെൺകുട്ടിയും അവർ തമ്മിലുള്ള പ്രണയവും സിനിമയിൽ ആദ്യമായല്ല പ്രമേയമാകുന്നത്. ആ വഴികളിൽ നിന്ന് ഏറെ മാറിയാണ് ലൂക്കയുടെ യാത്ര. ഭൂതകാലം സമ്മാനിച്ച മരണഭയത്തിൽ നിന്നുള്ള ഒരേകാകിയുടെ പ്രണയത്തിലേക്കുള്ള യാത്രയും, ഒടുവിൽ പ്രണയം തന്നെ മരണം ചുംബിക്കുകയും ചെയ്യുന്ന, വാക്കുകളാൽ എഴുതി വെക്കാനാകാത്ത വിധം ക്ളേശകരമായ അനുഭവമാണ് ലൂക്ക.

ഏറ്റവും തീക്ഷ്ണമായി പ്രണയിക്കുന്നവരേക്കാൾ വേദനിക്കുന്നവരായി മറ്റാരുണ്ട് ലോകത്ത്. ഒരു നിമിഷം പോലും പിരിയാൻ കഴിയാത്തവരായി മാറാൻ കൊതിക്കുന്നവർ, ആ ലക്ഷ്യം കൈവരിക്കാനായി നടത്തുന്ന യാത്രയിൽ അനുഭവിക്കേണ്ടി വരുന്ന പീഢാനുഭവങ്ങൾ അത്ര നിസാരമല്ല. മരം ചുറ്റി പാടിയാടുന്ന, വീട്ടുകാരുടെ എതിർപ്പുകൾക്കൊടുവിൽ ഒന്നിക്കുന്ന, പഴയകാല പ്രേമകഥകളിൽ നാമീ വൈചിത്ര്യങ്ങൾ കണ്ടിട്ടില്ല. പുതിയ കാലത്ത് പ്രണയം അതീവ സങ്കീർണമായ ലോകത്തേയും ജീവിതത്തേയും നേരിടുകയാണ്.

ഓർക്കാൻ പോലുമാകാത്തതാണ് പലരുടെയും ബാല്യം. സ്വയംമരണം വരിച്ച് തൂങ്ങിയാടുന്ന അച്ഛന്റെ കാൽവിരലുകൾ തട്ടി കിടക്ക വിട്ടുണരുന്ന മകനും, അങ്കിളിന്റെ ആലംഗനത്തെ ഭയക്കുന്ന മകളും അടങ്ങുന്ന നിറം കെട്ട ലോകം. അവിടെ നിന്നുമാണ് അവരെത്തിച്ചേരുന്നത്, പുണരുന്നത്, ഉടലുകളൊന്നാകുന്നത്, അവൾക്ക് അവനും അവന് അവളും മണ്ണാങ്കട്ടയും കരിയിലയും ആകുന്നത്. കാറ്റിൽ കരിയിലക്ക് മണ്ണാങ്കട്ടയും മഴയിൽ മണ്ണാങ്കട്ടക്ക് കരിയിലയും കൂട്ടായത്. ഒടുവിൽ കാറ്റും മഴയും ഒന്നിച്ച് വന്നപ്പോൾ, അവരുമൊന്നിച്ച് ആരും തേടി വരാത്തിടത്തേക്ക് ഒടുവിലത്തെ യാത്ര പോയത്.

നാം തന്നെയാണ് ലൂക്കയും നിഹാരികയും. നാമോരോരുത്തരും താണ്ടുന്ന പ്രണയദൂരങ്ങൾ തന്നെയാണ് രണ്ടര മണിക്കൂറിൽ നാം പിന്നിടുന്നതും. ആറ് മാസത്തിനിടയിൽ മലയാളത്തിൽ പുറത്തിറങ്ങിയ അനേകം മനോഹര ചിത്രങ്ങളിൽ, അവക്കൊപ്പം മുന്നിലാണ് അരുൺ ബോസിന്റെ ലൂക്ക. ലൂക്കയെ മുന്നോട്ട് നയിക്കുന്നത് ടൊവിനോയും അഹാനയും തന്നെ.

ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും, ഇരുത്തത്തിൽ, നടത്തത്തിൽ, നോട്ടത്തിൽ പോലും വ്യത്യസ്തനായി കൂടുതൽ, കൂടുതൽ അത്ഭുതപ്പെടുത്തുന്നു ടൊവിനോ. നിഹാരികയെ ശ്രമിച്ചാൽ പോലും മറക്കാനാകാത്ത വിധം മനോഹരമാക്കി അഹാന. സമാന്തരമായി സഞ്ചരിക്കുന്ന അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതവും വിദഗ്ധമായി കൂട്ടിച്ചേർക്കപ്പെടുന്നു ഇതിനൊപ്പം. അക്ബറായി നിതിൻ ജോർജും ഫാത്തിമയായി നിലീന കോശിയും മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

പ്രണയത്തിന്റേയും മരണത്തിന്റെയും രാസപരീക്ഷണശാലയാണ് ലൂക്ക. ആ രസതന്ത്രം വിജയിപ്പിച്ചതിൽ തിരക്കഥക്കുള്ള പങ്ക് ചെറുതല്ല, കഥയുടെ കെട്ടുറപ്പിനുള്ള കയ്യടി മൃദുൽ ജോർജ്ജിന്. സൂരജ് എസ് കുറുപ്പിന്റെ സംഗീതം, നിമിഷ് രവിയുടെ ഛായാഗ്രഹണം, അനീസ് നാടോടിയുടെ കലാസംവിധാനം എന്നിവയും അഭിനന്ദനീയം. എങ്കിലും അരുൺ ബോസ്, നിങ്ങൾ ഒരു ഗംഭീര സംവിധായകനാണ്, നിങ്ങൾക്കാണ് നൂറ് മാർക്ക്.

പ്രണയവും അസാധാരണമായ രണ്ട് മരണങ്ങൾക്ക് പിറകിലെ അന്വേഷണവും ഇടകലർന്ന അസാധാരണ അനുഭവമാണ് ലൂക്ക. തീവണ്ടികൾക്കിടയിൽ പെട്ട് തിരിച്ചറിയാനാകാത്ത വിധം മരിച്ചു വീണ രണ്ട് ശലഭങ്ങളുടെ കഥ. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ. കണ്ടിറങ്ങുമ്പോൾ കനലിൽ തൊട്ട പോൽ പ്രാണനെ ചുട്ടുപൊള്ളിച്ച കണ്ണീരോർമ്മ. ലൂക്ക, നീയോ മായാനദിയിലെ മാത്തനോ, ആരാണ് എന്നെ ഏറെ അസ്വസ്ഥനാക്കുന്നത്..?

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

357 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close