Special

അകലട്ടെ അജ്ഞാനത്തിന്‍റെ ആരണ്യകം, തെളിയട്ടെ രാമായണം

ഉള്ളിലെ രാ മായണം
അതിനുള്ളതീ രാമായണം
നിത്യവും പാരായണം
അതിനുത്തമം രാമായണം

ഭക്തജന മനസ്സുകളിലെ ഇരുട്ടു മായ്ക്കുന്ന, ആത്മീയ വിശുദ്ധിയുടെ അതീത ലോകത്തേക്കുയർത്തുന്ന രാമായണപാരായണത്തിന് കേരളമെങ്ങുമുള്ള ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ഞക്കർക്കിടകത്തിന്റെ വറുതിയിൽ സഹനത്തിന്റെയും പ്രതീക്ഷകളുടെയും ദീപനാളങ്ങൾ തെളിയിച്ച് അടുത്ത ഒരുമാസം രാമായണ ശീലുകൾ വീടുകളിലും ക്ഷേത്രങ്ങളിലും മുഴങ്ങിക്കേൾക്കും.

ആമരമീമരമെന്നോതി അമരതയിലേക്കുയർന്ന വനവേടന്റെ തൂലികത്തുമ്പാൽ രചിക്കപ്പെട്ട മൂലകൃതിയെ ഭക്തിരസപ്രധാനമായി വിവർത്തനം ചെയ്ത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടായി മലയാളിക്ക് നൽകിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനേയും സ്മരിക്കുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

“രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല “എന്നാണ് സ്വാമി വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.

നന്മതിന്മകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ അവസാനം കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസ്സിലെ രാഗ വിദ്വേഷങ്ങളാകണം. തുളസിയിലയിൽ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോൾ മാത്രമേ, നുകരാനാകൂ.. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം.

ഇനിയുള്ള നാളുകൾ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ഇച്ഛകൾ വെടിഞ്ഞ് ജീവിതത്തെ ധന്യമാക്കട്ടെ.

348 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close