മുംബൈ: സാമൂഹ്യമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയത പ്രചരിപ്പിച്ച ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനെയാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയത പടര്‍ത്തിയെന്ന കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്ക് മോഷ്ടിച്ചതിന് ജാര്‍ഖണ്ഡില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട തബ്രിസ് അന്‍സാരിയുടെ ജീവനു പകരം ചോദിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. മുസ്ലീം സമുദായം ഇതിനെതിരെ പ്രതികരിക്കണമെന്നും ഹിന്ദുക്കളെ തിരിച്ചടിക്കണമെന്നും വീഡിയോയില്‍ പറയുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ് അജാസ് ഖാന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. അന്‍സാരിയുടെ മരണത്തിനു പകരം ചോദിക്കാന്‍ നിയമപരമായും അല്ലാതെയും രാജ്യത്ത് താമസിക്കുന്ന മുസ്ലിങ്ങള്‍ സംഘടിക്കണമെന്നും അങ്ങിനെ ചെയ്താല്‍ രാജ്യം സ്തംഭിക്കുമെന്നും വീഡിയോയില്‍ പറയുന്നു. ഒരുനാള്‍ ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ആകുമെന്ന കാര്യം ഓര്‍ക്കണമെന്ന ഭീഷണിയും വീഡിയോയിലുണ്ട്.
പോലീസിനെതിരെയും വീഡിയോയില്‍ ഇയാള്‍ വിമര്‍ശനം ഉന്നയിച്ചു . വാറന്റ് ഇല്ലേ പോലീസേ എന്ന അടിക്കുറുപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്ക് വച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജാസ്. മയക്കമരുന്ന് കൈവശം വെച്ചതിന് അജാസിനെ നാര്‍ക്കോട്ടിക് സെല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.