തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ എട്ട് വനിതകള്‍ ഉള്‍പ്പടെ 772 പോലീസുകാര്‍ പ്രതികള്‍. പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക്. ഡിവൈഎസ്പി റാങ്കിലുള്ളവര്‍ മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ 500ലധികം പേര് സിവില്‍ പോലീസ് ഓഫിസര്‍മാരാണ്.
ഇവരില്‍ ബാലപീഡനം, ലൈംഗിക പീഡനം, കസ്റ്റഡിമരണം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയായവരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം റൂറലിലാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ കൂടുതല്‍. കുറവ് വയനാട്ടിലും. തിരുവനന്തപുരം റൂറലിലുള്ള 110 പേരും വയനാടുളള 11 പേരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്ത് 12 പോലീസുകാര്‍ ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ്. മൂന്നുപേര്‍ പോക്സോ കേസിലും, അഞ്ച് പേര് സ്ത്രീ പീഡനകേസിലും പ്രതികളാണ്.
ഒരുവര്‍ഷം മുമ്പ് നടത്തിയ പരിശോധനയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 59 പോലീസുകാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോലീസുകാര്‍ക്കെതിരെ കേരളാ പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇതുവരെ നടപ്പിലായിട്ടില്ല. ഇവര്‍ക്കെതിരെ കോടതിയിലുള്ള കേസ് തീരുന്നതുവരെ നടപടി സ്വീകരിക്കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്.