ന്യൂ ഡല്‍ഹി: ട്രെയിന്‍ യാത്രകളിലെ വിരസതയകറ്റാന്‍ യാത്രക്കാര്‍ക്കായി പുതിയ സംവിധാനമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വിനോദങ്ങളും വാര്‍ത്തകളുമെല്ലാം വിരല്‍ത്തുമ്പിലെത്തിക്കുന്ന കണ്ടന്റ് ഓണ്‍ ഡിമാന്റ് എന്ന സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. ഇതിനായി സൗജന്യ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ വിഭാഗം.
റെയില്‍ ടെല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുന്നത്. ഇവയില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്ത പരിപാടികളില്‍ നിന്നും ഇഷ്ടമുള്ളവ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. വിനോദം, വാര്‍ത്ത, ആനുകാലിക വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ലഭ്യമാകും.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ചിലവില്ലാത്ത പരസ്യ വരുമാനമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ വിദേശങ്ങളിലെ റെയില്‍വേ സംവിധാനങ്ങള്‍ക്ക്10 മുതല്‍ 20 ശതമാനം വരെ ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് ലഭിക്കുന്നുണ്ടങ്കിലും ഇന്ത്യയിലിത് വെറും 5 ശതമാനത്തില്‍ താഴെ മാത്രമാണ്. ഈ സംവിധാനത്തിന്റെ വരവോടെ 5 വര്‍ഷത്തിനിടെ മാറ്റമുണ്ടാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രതീക്ഷ.
റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണു നീക്കം.