ലഖ്നൗ : പരംവീർ ചക്ര ഹവിൽദാർ അബ്ദുൾ ഹമീദിന്റെ ഭാര്യ റസൂലൻ ബീവി ഗാസിപ്പൂരിൽ അന്തരിച്ചു. 95 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖം മൂലം കിടപ്പിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ റസൂലൻ ബീവിക്ക് വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു.
അസുഖത്തെ തുടർന്ന് വാരണാസിയിൽ പോയി ചികിത്സിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും റസൂലൻ ബീവി തയ്യാറായിരുന്നില്ല. വീട്ടിൽ വിശ്രമിക്കുകയായിരുന്ന ബീവിയുടെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
1965 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനു നേരേ പാഞ്ഞു വന്ന പാറ്റൺ ടാങ്കുകളെ സധൈര്യം ചെറുത്തു നിന്ന് വീരമൃത്യു വരിച്ച ധീരസൈനികനാണ് ഹവിൽദാർ അബ്ദുൾ ഹമീദ്. പീരങ്കി ഘടിപ്പിച്ച ജീപ്പുമായി യുദ്ധമുഖത്ത് ചീറിപ്പാഞ്ഞ് അദ്ദേഹം നശിപ്പിച്ചത് എട്ട് പാറ്റൻ ടാങ്കുകളെയാണ്. അബ്ദുൾ ഹമീദിന്റെ പോരാട്ട വീര്യത്തെ ആദരിച്ച് രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പരംവീർ ചക്ര നൽകി.