ബര്‍മിംഗ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം. 251 റണ്‍സിനാണ് ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയത്. 398 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
സ്‌കോര്‍: ഓസ്‌ട്രേലിയ 284 & 487/7 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 374&146
നേരത്തെ, തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തി(142)ന്റെയും മാത്യു വെയ്ഡി(110)ന്റേയും ബാറ്റിംഗ് മികവിലാണ് ഓസ്‌ട്രേലിയ 7ന് 487 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. എന്നാല്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും സ്വന്തം കാണികളെ തൃപ്തിപ്പെടുത്താനായില്ല. 37 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയിയും ജോ റൂട്ടും 28 റണ്‍സ് വീതം നേടി.
20 ഓവറില്‍ 49 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നര്‍ നേഥന്‍ ലിയോണിന്റെ പ്രകടനമാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. അവശേഷിച്ച നാല് വിക്കറ്റ് പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.















