ന്യൂഡല്‍ഹി: സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അമിത് ഷാ. സുഷമ ജിയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സുഷമാസ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മഹത്തായ അധ്യായം അവസാനിക്കുന്നു. പൊതുസേവനത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു സുഷമ ജി തന്റെ ജീവിതം നീക്കിവച്ചത്. കാരുണ്യ സ്പര്‍ശത്താല്‍ ലോക ശ്രദ്ധ നേടിയ നേതാവിന്റെ നിര്യാണത്തില്‍ ഇന്ത്യ ദുഖിക്കുന്നവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ബിജെപിയുടെ പ്രത്യയശാസ്ത്രവും താല്‍പ്പര്യങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ സുഷമ ജി വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായിരുന്നില്ലെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സുഷമാ സ്വരാജ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഷമയുടെ കുടുംബത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.















