ന്യൂഡല്‍ഹി: സുഷമ സ്വരാജ് യാത്രയായത് തനിക്ക് തരാനുള്ള ഒരു രൂപയുടെ കടം ബാക്കിയാക്കിയെന്ന് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ.
ആശുപത്രിയിലേക്ക് പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ചാണ് ഹരിഷ് സാല്‍വെ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.50 നാണ് ഹരീഷ് സാല്‍വേ സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചത്. ഹരീഷ് സാല്‍വെയെ കാണണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടതായി സാല്‍വേ സൂചിപ്പിച്ചു .
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്‌ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. ഒരു രൂപ മാത്രമാണ് കേസില്‍ വാദിച്ച് ജയിച്ചതിന് സാല്‍വേ ആവശ്യപ്പെട്ടത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്.
പാക്കിസ്ഥാനുമായി ഇക്കാര്യത്തില്‍ നിരവധി തവണ സുഷമ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2014 മുതല്‍ 2019 വരെയാണ് സുഷമ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്.
നിരവധി നേതാക്കള്‍ സുഷമയെ അവസാനമായി കാണാന്‍ ഡല്‍ഹിയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ലോക്സഭ പിരിഞ്ഞെങ്കിലും എംപിമാര്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു.
അതിനാല്‍ ഡല്‍ഹിയിലെ വസതിയിലെത്തി സുഷമയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് അതിരാവിലെ തന്നെ നേതാക്കളുടെ ഒഴുക്കായിരുന്നു. പ്രമുഖ നേതാക്കളെല്ലാം ഇന്ന് രാവിലെ എത്തി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.















