പത്തനംതിട്ട: രണ്ട് ദിവസമായി മഴ കനത്തതോടെ പമ്പ കരകവിഞ്ഞു. പമ്പ ത്രിവേണിയിലെ റോഡിലും, റാന്നി അത്തിക്കയത്ത് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു.
ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് വീടും. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമിനേയും പത്തനംതിട്ട ജില്ലയില്‍ നിയോഗിച്ചു.
പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഭക്തര്‍ പമ്പയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ ഫയര്ഫോഴസിനും , പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ ദേവസം വകുപ്പിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. റാന്നി-മുക്കം ക്രോസ്സ് വേയും വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയം വിതച്ച നാശം വിട്ട് മാറും മുന്‍പെ അടുത്തത് എത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി തുടങ്ങി.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കളക്ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.