തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പില്‍ പിഎസ്സിയുടെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. റാങ്ക് ജേതാവ് നസീമിന്റെ പ്രൊഫൈല്‍ പരിശോധനയിലാണ് പിഎസ്സിയുടെ വീഴ്ച കണ്ടെത്തിയത്. എസ്എഫ്ഐ മുന്‍ യൂണിയന് സെക്രട്ടറി നസീം രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. വ്യത്യസ്ത ജനനതീയിതികളാണ് രണ്ട് പ്രെഫൈലുകളിലും നല്‍കിയിരിക്കുന്നത്.
പിഎസ്എസിയുടെ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്യുന്നത് കുറ്റകരമാണ്. ഇങ്ങനെ ചെയ്യുന്നവരെ ഡീബാര്‍ ചെയ്യുകയാണ് പതിവ്. എല്ലാവര്‍ഷവും ഇത്തരം തട്ടിപ്പ് നടത്തുന്നവരെ ഡീബാര്‍ ചെയ്തുകൊണ്ടുള്ള പട്ടിക പിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുമുണ്ട്. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നസീമിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകളൊന്നും പിഎസ്സിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലയെന്നുള്ളത് വീഴ്ച വ്യക്തമാക്കുന്നു.
പിഎസ്സി പരീക്ഷയില്‍ ഒന്നും രണ്ടും പതിനാറും റാങ്കുകള്‍ നേടിയ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നി മൂന്നുപേര്‍ക്കും ലഭിച്ചത് ഒരേ കോഡ് ചോദ്യപേപ്പറാണ്. ഈ ചോദ്യപേപ്പറിന്റെ ക്രമത്തിലുളള ഉത്തരങ്ങളാണ് പുറത്തു നിന്ന് മൊബൈല്‍ വഴി മൂവര്‍ക്കും ലഭിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മൂന്നു പേര്‍ക്കും ഒരേ കോഡ് ലഭിച്ചതും പിഎസ്സിയുടെ പങ്ക് വ്യക്തമാക്കുന്നു.