ഷിംല: ഹിമാചല്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതനിലയത്തില് നിന്നും വൈദ്യുത ഉല്പാദനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത് മഴയില്‍ സത്ലജിന്റെ പോഷകനദിയായ ഭബാ ഖാദ് നദിയില്‍ മണ്ണിന്റെ അളവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്.
1500 മെഗാവാട്ട് പദ്ധതിയോടൊപ്പം മലയോര സംസ്ഥാനത്തെ ഷിംല ജില്ലയിലെ 412 മെഗാവാട്ട് റാംപൂര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. കിന്നൂര്‍ ജില്ലയിലെ നാത്പാ ജാക്രി അണക്കെട്ടില്‍ സത്ലജ് നദിയിലെ മണ്ണിന്റെ അളവ് 8000 പിപിഎം കടന്നതായി നാത്പാ ജാക്രി ജലവൈദ്യുത നിലയത്തിന്റെ പ്രൊജക്ട് തലവന്‍ സഞ്ജീവ് സൂദ് പറഞ്ഞു.
ഞായറാഴ്ച മുതല്‍ നിലയത്തിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനമെല്ലാം നിര്‍ത്തിവെച്ചു. അണക്കട്ടിന്റെ തുരങ്ക കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്.ഹിമാചലിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ തുടര്‍ന്നതോടെ ഷിംല, കിന്നൂര്‍, മണ്ഡി,കുളു ജില്ലകളിലെ ദേശീയ പാതകളില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലൂടെയും ഹരിയാനയിലൂടെയും ഒഴുകുന്ന സത്ലജ്, ബിയാസ്,യമുന നദികളിലെ ജലനിരപ്പും വര്‍ധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഹിമാചലില്‍ 18 പേരാണ് മരിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ജയറാം താക്കൂര്‍ അറിയിച്ചു.