കാബൂള്‍: കാബൂള്‍ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ മാറ്റിവച്ചു. ദാരുള്‍ അമാന്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 19നാണ് അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ശനിയാഴ്ച വിവാഹചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 പേര് കൊല്ലപ്പെട്ടുകയും 186 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റിഹാളില്‍ പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്ഫോടനമുണ്ടായത്. ഷിയ മുസ്ലീങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ഇവിടെ. വിവാഹമായതിനാല്‍ നിരവധിപേരാണ് ഹാളിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ജൂലായ് 12ന് കിഴക്കന്‍ അഫ്ഗാന് പ്രവിശ്യയായ നംഗര്‍ഹറില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുക്കുകയും ചെയ്തിരുന്നു. പത്തുദിവസംമുമ്പ് കാബൂളിലെ ഒരു പോലീസ് സ്റ്റേഷനിലും സ്ഫോടനമുണ്ടായി. ഇതില്‍ 14 പേര് കൊല്ലപ്പെട്ടുകയും നൂറ്റിയമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്ഗാനില്‍ 19 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ഭീകരസംഘടനയായ താലിബാനുമായി യു.എസിന്റെ നേതൃത്വത്തില്‍ ദോഹയില്‍ സമാധാന ചര്‍ച്ച നടന്നു വരികയാണ്.