വാഷിങ്ടണ്‍: കശ്മീര്‍ വിഷയം അഫ്ഗാന് സമാധാന ചര്‍ച്ചകളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്.
കശ്മീരില്‍ വിഷയം അഫ്ഗാനിസ്ഥാനിലെ സമാധാന പ്രശ്നങ്ങളെ ബാധിക്കുമെന്നാണ് അമേരിക്കയിലെ പാകിസ്ഥാന് പ്രതിനിധിയായ ആസാദ് മജീദ് ഖാന് ആരോപിച്ചത്. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ ശ്രമം വീണ്ടു വിചാരമില്ലാത്തതും അനാവശ്യമാണെന്നും അമേരിക്കയിലെ അഫ്ഗാന് സ്ഥാനപതി റോയ റഹ്മാനി അറിയിച്ചു.
ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നം മാത്രമാണ് കശ്മീരിലെ ഇപ്പോഴത്തെ വിഷയം. കശ്മീര്‍ വിഷയവുമായി അഫ്ഗാനെ ബന്ധിപ്പിക്കുന്നത് മനപൂര്‍വ്വമാണെന്നും അത് അഫ്ഗാനില്‍ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുളള ശ്രമമാണെന്നും റഹ്മാനി പറഞ്ഞു.
താലിബാനെ ന്യായികരിക്കാനും തീവ്രവാദ സംഘടനകള്‍ക്ക് മേല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ ദുര്‍ബല സമീപനമാണിതെന്നും റഹ്മാനി വ്യക്തമാക്കി.
അഫ്ഗാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ പാകിസ്ഥാന് പതിനായിരക്കണക്കിന് സൈന്യത്തെ വിന്യസിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റഹ്മാനി അറിയിച്ചു. പാകിസ്ഥാന്റെ പ്രസ്താവനയില്‍ തങ്ങള്‍ അവര്‍ക്ക് ഭീഷണിയാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അഫ്ഗാന് പാകിസ്ഥാന് ഒരിക്കലും ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ നിന്ന് അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയുണ്ടെന്നും റഹ്മാനി പറഞ്ഞു. ഇത്തരം സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാകിസ്ഥാന് സ്വീകരിക്കേണ്ടതെന്നും റഹ്മാനി പറഞ്ഞു.