തിരുവനന്തപുരം : പിഎസ്സി പരീക്ഷ തട്ടിപ്പു കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെ മൂന്ന് പുതിയ വകുപ്പുകള്‍ കൂടി ചുമത്തി. ഗൂഢാലോചന,വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോട് കൂടി കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ പുതുതായി ചേര്‍ത്തത്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി . പ്രതികള്‍ വ്യക്തമായ ഗൂഢാലോചന നടത്തിയതിനു ശേഷമാണ് പരീക്ഷാ തട്ടിപ്പു നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നേരത്തെ പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.
പിഎസ്സി പരീക്ഷയുടെ ഉത്തരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചത് എസ് എം എസ് വഴിയാണെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. 70 ലധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയത് എസ് എം എസ് നോക്കിയാണെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം, പ്രണവ്, ഉത്തരങ്ങള്‍ ഫോണ്‍വഴി നല്കിയ പേരൂര്‍ക്കട എസ് പി ക്യാമ്പിലെ ഗോഗുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരാണ് പരീക്ഷ തട്ടിപ്പിലെ പ്രതികള്‍.