കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുന്‍ സി ഇ ഒ ആയിരുന്ന വരുണ്‍ ത്രിപുരനാനി
ഐ എസ് എല്‍ ആറാം സീസണില്‍ പൂനെ ടീമിന് പകരം ഉള്‍പ്പെടുത്തിയ ഹൈദരാബാദ് എഫ് സിയുടെ സഹ ഉടമയായി . ഹൈദരാബാദ് ഐ റ്റി വ്യവസായി വിജയ് മാധുരിയും, വരുണുമാണ് പുതിയ ടീമിനെ ഏറ്റെടുത്തിട്ടുള്ളത്.
ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍ ആയി എത്തിയ വരുണ്‍ ചെന്നെയിന്‍ ടീം ഐ എസ് എല്‍ നേടിയപ്പോള്‍ അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു. പിന്നീട് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി തിരികെയെത്തി. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഇറങ്ങിയ വരുണ്‍ ഇപ്പോള്‍ സംരംഭകന്റെ റോളിലാണ് തിരികെ എത്തിയിരിക്കുന്നത്.
കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചിതമാണ് വരുണിന്റെ ടീം. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ തന്റെ ടീം കളിക്കുമ്പോഴുള്ള കൗതുകവും വളരെ വലുതാണ്. പുതിയ ടീം കെട്ടിപ്പടുക്കുന്നതിന്റെ ശ്രദ്ധയിലാണ് താനെന്നും, സെപ്റ്റംബര്‍ 20 നു ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എ റ്റി കെയെ നേരിടുമ്പോള്‍ അതു കാണാന്‍ കൊച്ചിയില്‍ എത്തുമെന്നും വരുണ്‍ അറിയിച്ചു.















