കിംഗ്‌സ്റ്റണ്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ജമൈക്കയിലെ സബീന പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ മുഖം രക്ഷിക്കാനാകും വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുക. അതേ സമയം സബീന പാര്‍ക്കിലെ സാഹചര്യങ്ങളും പിച്ചും മികച്ചതാണെന്ന് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡാണ് ഇന്ന് കളിക്കളത്തിലിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിക്ക് മുന്നിലുള്ളത്. രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയാല്‍ ഈ റെക്കോര്‍ഡിന് കോഹ്‌ലി അര്‍ഹനാകും. നിലവില്‍ 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി 27 വിജയങ്ങളാണ് നേടിയത്. നിലവില്‍ 47 മത്സരങ്ങളില്‍ നിന്ന് 27 വിജയങ്ങളാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.
നേരത്തെ, ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചതോടെ വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. സൗരവ് ഗാംഗുലിയുടെ 11 വിജയങ്ങളെന്ന റെക്കോര്‍ഡാണ് കോഹ്‌ലി കഴിഞ്ഞ ദിവസം മറികടന്നത്.
അതേ സമയം ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഷായ് ഹോപ്പും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് വിന്‍ഡീസ് മാനേജ്‌മെന്റിന് തലവേദനയാകുന്നത്. ആദ്യ ടെസ്റ്റില്‍ 6 വിക്കറ്റ് വീഴ്‌ത്തിയ ബൂമ്രയും 8 വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയും വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാട്ടിയിരുന്നു. കെമാര്‍ റോച്ചും റോസ്റ്റണ്‍ ചേസും മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടം പുറത്തെടുത്തത്.
എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും സന്തുലിതമാണ്. ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും കുറിച്ച അജിങ്ക്യ രഹാനെ മികച്ച ഫോമിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 93 റണ്‍സ് നേടിയ ഹനുമ വിഹാരിയും ഫോമിലേക്ക് എത്തിയതോടെ ടീമിലെത്താനുള്ള രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പ് ഇനിയും നീണ്ടേക്കാനാണ് സാധ്യത. ഓപ്പണിംഗില്‍ മയങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും തുടര്‍ന്നേക്കും. ആദ്യ ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും റിഷഭ് പന്തിന് ഒരു അവസരം കൂടി നല്‍കാനാണ് സാധ്യത.
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, മയങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂമ്ര, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്വൈറ്റ്, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രൂക്ക്‌സ്, ജോണ്‍ കാമ്പ്ബെല്‍, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡൗറിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച്.















