ന്യൂയോർക് : പുരുഷ വനിതാ താരങ്ങളുടെ മുൻനിരക്കാർ മാറ്റുരയ്‌ക്കുന്ന യു എസ് ഓപ്പൺ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്നുമുതൽ തുടങ്ങും . പുരുഷ സിംഗ്ൾസിൽ റോജർ ഫെഡറർ ബെൽജിയത്തിന്റെ ഗോഫിനെ നേരിടുമ്പോൾ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ് അമേരിക്കയുടെ ഡി മിനോറിനെ നേരിടും.
ഡോക്കോവിച് -വാവ്‌റിങ്ക , നദാൽ -സിലിക് പോരാട്ടങ്ങൾ നാളെയാണ് നടക്കുക. നിലവിലെ വനിതാ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക്ക സ്വിസ്സ് താരം ബെൻസികിനെ നാളെ നേരിടുമ്പോൾ സെറീന വില്യംസ് ക്രോയെഷ്യയുടെ മാട്രിക്കിനെ ഇന്ന് നേരിടും.
വനിതാ സിംഗിൾസിൽ വിമ്പിൾഡണിൽ അട്ടമറികൾ സൃഷ്‌ടിച്ച അമേരിക്കയുടെ കോകോ ഗൗഫ് എന്ന കൗമാരക്കാരിയുടെ കണ്ണീരും നവോമിയുടെ സാന്ത്വനവും വാർത്തയായ ദിവസമായിരുന്നു ഇന്നലെ. നാലാം റൗണ്ട് മത്സരത്തിൽ 6-3,6-0 നാണു നവോമി 15 വയസ്സുകാരിയുടെ മോഹങ്ങളെ തകർത്തെറിഞ്ഞത് . സ്വന്തം നാട്ടിൽ വിമ്പിൾഡൺ പ്രകടനം ആവർത്തിക്കാനുള്ള ആവേശമാണ് ലോക ഒന്നാം നമ്പർ താരത്തിന് മുന്നിൽ വീണുടഞ്ഞതു .എന്നാൽ കളിക്ക് ശേഷമുള്ള അഭിമുഖത്തിലാണ് വികാര നിർഭരമായ രംഗങ്ങൾ അരങ്ങേറിയത് .
നവോമിയെ അഭിമുഖം നടത്താനെത്തിയവരോട് ഗോഫിന്റെ മികച്ച പോരാട്ട വീര്യമാണ് നവോമി വർണിച്ചതു .ഒപ്പം ഭാവിയിലേക്കുള്ള ആശംസകളും നേർന്നു . പരസ്പരം പുകഴ്‌ത്തി രണ്ടുപേരും കരഞ്ഞതോടെ കാണികൾ എഴുനേറ്റു നിന്ന് താരങ്ങളെ അഭിനന്ദിച്ചു .















