എങ്ങനെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതെന്ന് ഒരിക്കല്‍ കൂടി കാണിച്ചു തരികയാണ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. യുഎസ് ഓപ്പണിലായിരുന്നു ആരാധകരുടെ മനസിനെ തൊട്ടുണര്‍ത്തുന്ന ആ കാഴ്ച അരങ്ങേറിയത്.
ആരാധകരുടെ തിക്കും തിരക്കിനുമിടയില്‍ പേടിച്ചു കരയുന്ന കുഞ്ഞിനെ എടുത്തുയര്‍ത്തി ആശ്വസിപ്പിക്കുന്ന നദാലിനെ ഒരിക്കല്‍ കൂടി ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ്. നദാലിന്റെ ഓട്ടോഗ്രാഫിനായി ആരാധകര്‍ തിക്കി തിരക്കിയപ്പോള്‍ അതിനിടയില്‍പ്പെട്ട് ശ്വാസം കിട്ടാതെ ഉറക്കെ കരയുകയായിരുന്നു കുട്ടി. ആരും കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
എന്നാല്‍ നദാല്‍ അവനെ എടുത്തുയര്‍ത്തി തന്റെ അടുത്ത് നിര്‍ത്തി. ശേഷം അവനെ ആശ്വസിപ്പിക്കുകയും , കുഞ്ഞുമുഖത്തെ കണ്ണുനീര്‍ തുടച്ചു കളയുകയും ചെയ്തു. കരച്ചില്‍ അടങ്ങിയപ്പോള്‍ അവന്റെ തൊപ്പിയില്‍ തന്റെ ഓട്ടോഗ്രാഫും നല്‍കി. കരയണ്ടെന്നും അച്ഛനേയും അമ്മയേയും കണ്ടെത്താമെന്നും നദാല്‍ കുട്ടിയോട് പറഞ്ഞു.
33 കാരനായ നദാല്‍ തന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ പോരിനിറങ്ങിയിരിക്കുന്നത്. കൊറിയന്‍ താരം ഹിയന്‍ ചങിനെ പരാജയപ്പെടുത്തി നദാല്‍ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
https://twitter.com/usopen/status/1167518381312024582















