കൊച്ചി: ക്രിക്കറ്റ് മൈതാനങ്ങള്‍ ഇന്നലെ ഗോള്‍ഡന്‍ ഡക്കെന്ന പുറത്താകലിന്റെ അപൂര്‍വ്വതകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആദ്യ സംഭവം ഇന്ത്യന്‍നായകന്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലായിരുന്നു. വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലാണ് കോഹ്‌ലി നേരിട്ട ആദ്യപന്തില്‍ പുറത്തായി ഞെട്ടിച്ചത്. എന്നാല്‍ കോഹ്‌ലിയുടെ ആതേ വിധി ഏറ്റുവാങ്ങിയത് ഇന്നലെ മാത്രം മൊത്തം 10 പേരാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ഥാനയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലാണ് ഈ യാദൃശ്ചികത ക്രിക്കറ്റ് മൈതാനങ്ങളില്‍ സംഭവിച്ചത്. എല്ലാ മത്സരങ്ങളും ഐസിസിയുടെ ഔദ്യോഗിക പട്ടികയിലായതിനാലാണ് വാര്‍ത്തയ്‌ക്ക് കൗതുകം കൂടിയത്.
ജമൈക്കന്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ മുന്‍നിരയുടെ തകര്‍ച്ചക്കിടെയാണ് വിരാട് നേരിട്ട ആദ്യപന്തില്‍ കീമര്‍ റോച്ചിന് കീഴടങ്ങിയത്.ഹാമില്‍ടണാണ് ക്യാച്ചെടുത്തത്. ഇതിനിടെ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ലീഗില്‍ സതേണ്‍ വൈപ്‌സും വെസ്റ്റേണ്‍ സ്‌റ്റോമും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ താരം മന്ഥാനയും ആദ്യപന്തില്‍ പുറത്തായി. അതേ കളിയില്‍ സഹതാരം ലഫും ഗോള്‍ഡണ്‍ ഡക്കായി. മറ്റൊരു സൂപ്പര്‍ ലീഗിലെ ലഫ്ബറോയും സതേണ്‍ വൈപ്പേഴ്‌സുമായുള്ള മത്സരത്തിലും വനിതാ താരങ്ങളായ ഹൈലാനും ഗോര്‍ഡനും റണ്ണൊന്നും എടുക്കാനാകാതെ ആദ്യപന്തില്‍ പുറത്തായി.
വനിതകളുടെ തന്നെ ലോകകപ്പ് ടി20 യോഗ്യതാ മത്സരങ്ങളില്‍ രണ്ടു വനിതാ താരങ്ങളും ‘സംപൂജ്യ’രായി ഇതിനിടെ മടങ്ങി. തായ്‌ലാന്റും നമീബിയയും തമ്മിലുള്ള പോരാട്ടത്തില്‍ നമീബിയുടെ വാന്‍ ഡെര്‍ മെര്‍വും ഡീര്‍ഗാര്‍ഡറ്റുമാണ് പൂജ്യത്തിന് മടങ്ങിയത്.അമേരിക്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന വനിതാ ടി20യില്‍ അമേരിക്കയുടെ വാലേഴ്‌സനും പൂജ്യത്തിന് പുറത്തായവരില്‍ പെട്ടു. പുരുഷന്മാരുടെ പോരാട്ടത്തില്‍ ന്യൂസിലാന്റിന്റെ മണ്‍റോയാണ് ഇന്നലെ നേരിട്ട ആദ്യപന്തില്‍ പുറത്താകാന്‍ വിധിയുണ്ടായ താരം.ലസിത് മലിംഗയായിരുന്നു ബൗളര്‍. ഇതിനിടെ ബിസിസിഐയുടെ ഇന്ത്യാഗ്രീന്‍-ഇന്ത്യാ റെഡ് പോരാട്ടത്തിലും ഗോള്‍ഡണ്‍ ഡെക്ക് ദുര്യോഗമുണ്ടായി. മലയാളിയായ സന്ദീപ് വാര്യരുടെ പന്തിലാണ് എ എസ് രജപുത് പുറത്തായത്.















