ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണില്‍ നിന്നും പുറത്ത്. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് ജോക്കോവിച്ച് പിന്‍മാറിയത്.
ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട് മൂന്നാമത്തെ സെറ്റിനിടയിലാണ് താരം പിന്‍മാറുന്നതായി അറിയിച്ചത്. ഇതോടെ വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തി. തോളിനേറ്റ പരുക്കാണ് മൂന്നൂ തവണ ചാമ്പ്യനായ താരത്തെ പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിനിടെ താരം നിരവധി തവണ വൈദ്യ സഹായം തേടിയിരുന്നു. 2006 നു ശേഷം ആദ്യമായാണ് ജോക്കോവിച്ച് സെമിഫൈനല്‍ കാണാതെ പുറത്താകുന്നത്.
അതേസമയം, റോജര്‍ ഫെഡറര്‍, വാംഗ് ക്വിയാംഗ്, സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബെല്‍ജിയന്‍ താരം ഡോവിഡ് ഗോഫാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടലിലേക്ക് കടന്നത്.
ഫ്രഞ്ച് ഓപ്പണ്‍ താരമായ ആഷ്‌ലി ബാര്‍ടിയെ പരാജയപ്പെടുത്തിയാണ് ക്വിയാംഗ് ക്വാര്‍ട്ടറിലെത്തിയത്. അതേസമയം, ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്.















