ന്യൂ ഡല്‍ഹി: പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ട്രാഫിക് ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. ഏറ്റവും ഒടുവില്‍ 10ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനേ തുടര്‍ന്ന് 59,000 രൂപയാണ് ഗുരുഗ്രാമിലെ ട്രാക്ടര്‍ ഡ്രൈവര്‍ക്ക് പിഴയായി ലഭിച്ചത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പത്തോളം കുറ്റങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് എന്നിവയൊന്നും പരിശോധനാ വേളയില്‍ ഡ്രൈവറുടെ പക്കലുണ്ടായിരുന്നില്ല.
അപകടകരമായ ചരക്കുകള്‍ കയറ്റല്‍, അപകടകരമായ ഡ്രൈവിംഗ്, പോലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കല്‍, ട്രാഫിക് സിഗ്നലുകളെ അനുസരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഡ്രൈവറുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ഡ്രൈവറേയും ഒപ്പം ട്രാക്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ, നിയമ ലംഘനങ്ങളുടെ പേരില്‍ ഗുരുഗ്രാമില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 32,500 രൂപയും ബൈക്ക് യാത്രക്കാരന് 23,000 രൂപയും പിഴ ചുമത്തിയിരുന്നു.