ഗുഹാവത്തി: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്ക് യോഗ്യത തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഗുഹാവത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. എഎഫ്‌സി രണ്ടാം റൗണ്ടിലെ ആദ്യ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ബി ഗ്രൂപ്പില്‍ റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള രാജ്യമാണ് ഒമാന്‍.
ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഫിഫ റാങ്കിങ്ങില്‍ ഖത്തറും (62) ഒമാന്‍ (87) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. ഇവര്‍ തന്നെയാണ് ഇന്ത്യയ്‌ക്ക് പ്രധാന വെല്ലുവിളിയും. നിലവില്‍ ഇന്ത്യ റാങ്കിങ്ങില്‍ 103-ാം സ്ഥാനത്താണ്. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് നേരത്തെ ഉറപ്പിച്ച ഖത്തര്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്‌ക്കു വേണ്ടിയാണ് മത്സരിക്കുന്നത്.
നേരത്തെ, ഇന്ത്യയുടെ റഷ്യന്‍ ലോകകപ്പ് മോഹത്തിന് തടയിട്ടത് ഒമാന്‍ ടീമാണ്. 2018-ല്‍ നടന്ന യോഗ്യത റൗണ്ടില്‍ ഒമാന് ഒപ്പമായിരുന്നു ഇന്ത്യ. അന്ന് ബംഗളൂരുവിലും, മസ്‌ക്കറ്റിലുമായി നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റു. ഏഴു തവണ ഒമാന്‍ ഇന്ത്യക്കെതിരെ നേര്‍ക്കു നേര്‍ വന്നിരുന്നു. ഒരേയൊരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചത്. മറ്റു നാലു മത്സരങ്ങളില്‍ ജയം ഒമാനൊപ്പമായിരുന്നു. രണ്ടെണ്ണം സമനിലയില്‍ അവസാനിച്ചു. 2018-ല്‍ അബുദാബിയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഇന്ത്യ ഒമാനുമായി ഏറ്റുമുട്ടിയത്. അന്ന് ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്.
ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നത്. സ്റ്റിമാച്ചിന് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയ്‌ക്ക് തോല്‍വിയായിരുന്നു. ഒരു കളിയില്‍ ജയിച്ചപ്പോള്‍ മറ്റൊന്നില്‍ സമനില നേടിയിരുന്നു. മൂന്നു മലയാളി താരങ്ങളാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ സാന്നിധം. ഡിഫന്‍ഡര്‍ അനസ് എടത്തൊടിക, മിഡ് ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ്, വിങര്‍ ആഷിഖ് കരുണിയന്‍ തുടങ്ങിയവര്‍ യോഗ്യത മത്സരത്തില്‍ ഇന്ന് കളിച്ചേക്കും.















