ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നരേഷും ഇന്ന് വൈകീട്ടുവരെ വീട്ടു തടങ്കലില്‍ തുടരുമെന്ന് ആന്ധ്രാ പൊലീസ് അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇരുവരേയും കഴിഞ്ഞ ദിവസം പൊലീസ് വീട്ടു തടങ്കലിലാക്കിയത്. ടിഡിപി പ്രവര്‍ത്തര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗുണ്ടൂരില്‍ ഇന്ന് റാലി നടക്കാനിരിക്കെയാണ് പൊലീസിന്റെ ഈ നടപടി. നിലവില്‍ ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.
ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇതിനെതിരെ ‘ചലോ ആത്മാക്കുര്‍’ എന്ന റാലിക്കായി പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ റാലി തുടങ്ങുന്നതിന് മുമ്പ് അമരാവതിയിലെ വീട്ടില്‍ ഇരുവരെയും തടങ്കലിലാക്കുകയായിരുന്നു.
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ് ഇതെന്നാണ് പൊലീസ് നടപടിയോട് ചന്ദ്രബാബു നയിഡു പ്രതികരിച്ചത്. അതേസമയം, പൊലീസ് എപ്പോള്‍ പിന്മാറുന്നോ അപ്പോള്‍ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ടിഡിപി പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ടിഡിപി പ്രവര്‍ത്തകരെല്ലാം ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന്റെ നടപടി. പൊലീസിന്റെ നടപടിക്കെതിരെ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗുണ്ടൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.