കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണ നല്കി ഒരു കൂട്ടം വിശ്വാസികള്‍ സമരത്തിനൊരുങ്ങുന്നു. ജസ്റ്റിസ് ഫോര്‍ ലൂസി എന്ന പേരില്‍ ആരംഭിച്ച വാടാസാപ്പ് കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്. സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കൂട്ടായ്മ ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേരും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള സമരത്തില്‍ പങ്കെടുത്തതിനെതിരെ സിസ്റ്റര്‍ക്കെതിരെ സഭ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മഠത്തില്‍ പൂട്ടിയിടുക, മഠത്തില്‍ നിന്ന് പുറത്താക്കുക, സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം തുടങ്ങി വളരെ മോശമായ രീതിയിലാണ് സിസ്റ്ററോട് സഭ പെരുമാറിയത്. സന്ന്യാസ സമൂഹത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എഫ്.സി.സി സന്ന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്.
നിലവില്‍ സിസ്റ്റര്‍ ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്ക്വയറില്‍ പ്രതിഷേധ സമരം നടത്താന്‍ ഇവര്‍ തീരുമാനമെടുത്തിട്ടുണ്ട്. മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കുക, സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയ ഫാദര്‍ നോബിളിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് കൂട്ടായ്മ സമരത്തിനൊരുങ്ങുന്നത്.