പാലക്കാട് : വാഹനത്തെ മറികടക്കുന്നതിനിടെ തന്റെ കാറിന് എതിരെ വന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഭീഷണി മുഴക്കി പി.കെ ശശി എംഎല്‍എ. തന്റെ കാറില്‍ ഇടിക്കാന്‍ വന്നെന്ന് ആരോപിച്ചാണ് ശശി ടിപ്പര്‍ ഡ്രൈവറായ ഇക്ബാലിനെ ഭീഷണിപ്പെടുത്തിയത്. ‘അടിച്ച് കണ്ണ് പൊട്ടിക്കും’ എന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ചെര്‍പ്പുളശ്ശേരി മങ്ങാട് വെച്ചായിരുന്നു സംഭവം.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു പികെ ശശിയുടെ കാര്‍.ഇതിനിടെയാണ് ഇക്ബാലിന്റെ ലോറി കാറിന് എതിരെ വന്നത്. തുടര്‍ന്ന് കുപിതനായ ശശി ടിപ്പര്‍ ലോറിയെ പിന്തുടര്ന്ന് ഇക്ബാലിനെ നടുറോഡില്‍ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ നാട്ടില്‍ വച്ചാണെങ്കില്‍ കണ്ണടിച്ച് പൊട്ടിക്കുമെന്നാണ് ശശി ആക്രോശിച്ചത്.
അതേസമയം സംഭവം സമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ തന്റെ ഭാഗത്താണ് തെറ്റെന്ന വിശദീകരണവുമായി ഇക്ബാല്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതിനു മുന്‍പും ഷൊര്‍ണ്ണൂരില്‍ വച്ച് പോലീസുകാരനെ ശശി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.
ലൈംഗിക പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ശശിയെ വ്യാഴാഴ്ചയാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് ശശിയുടെ പരസ്യമായുള്ള ഭീഷണികളും മറ്റും ആരംഭിച്ചിരിക്കുന്നത്.