IndiaSpecial

പതറാത്ത നിശ്ചയദാര്‍ഢ്യവും ഉലയാത്ത ക്ഷമാശീലവും തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തിയും ; നരേന്ദ്ര മോദി ബഹുമുഖ വ്യക്തിത്വം – അമിത് ഷാ എഴുതുന്നു

അമിത് ഷാ

ഇന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനമാണ്. തന്റെ മനോഭാവം, രാഷ്ട്രീയത്തിലെ വികസന കാഴ്ചപ്പാട്, ഉറച്ച തീരുമാനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടിക്കാലം മുതല്‍ മോദിജി രാജ്യസേവനത്തിനായി സ്വയം അര്‍പ്പിച്ചു. താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള മനോഭാവം യുവാവായിരിക്കുമ്പോള്‍ തന്നെ നരേന്ദ്രമോദിക്കുണ്ട്.  ദരിദ്ര കുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ദുരിതപൂര്‍ണ്ണമായ ഒരു ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അത് ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ദാരിദ്ര്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാനും അദ്ദേഹത്തിന് സഹായവും പ്രേരണയുമായി.

എല്ലാവരേയും സഹായിക്കാനും മനുഷ്യരാശിയെ സേവിക്കാനുമുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിനുപുറമെ, സംഘടനാ കഴിവും രാഷ്ട്രീയ മനോഭാവവും മോദിജിയെ വ്യത്യസ്തനാക്കി. 1987 ല്‍  ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്തിന്റെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തിന് ചുമതല നല്‍കുമ്പോള്‍ പാര്‍ട്ടിക്ക് 12 നിയമസഭാംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1990 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മോദിജിയുടെ സംഘടനാ വൈദഗ്ധ്യവും രാഷ്ട്രീയ വൈദഗ്ധ്യവും സാധ്യമാക്കി. 1995 ല്‍ ഗുജറാത്തില്‍ ബിജെപി 121 സീറ്റുകള്‍ നേടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. അതിനുശേഷം പരാജയമെന്തെന്ന് ബിജെപി അറിഞ്ഞില്ല. ബിജെപിയെ സംബന്ധിച്ച് ഇന്ന് ഗുജറാത്ത് ഒരു ശക്തികേന്ദ്രമാണ്.മോദിജി സംസ്ഥാനത്ത് ഉണ്ടാക്കിയെടുത്ത സംഘടനാ അടിത്തറയും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളും കൊണ്ടു  മാത്രമാണ് ഈ വിജയം ഗുജറാത്തില്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു സാധിക്കുന്നത്.

Loading...

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച മോദിജി ഇന്ത്യയൊട്ടാകെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള വിത്ത് വിതച്ചിരുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി, ഇതെല്ലാം മോദിജിയുടെ കൂടി കാഴ്ചപ്പാടിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ്.

1990 കളില്‍ ഗുജറാത്തില്‍ മോദിജിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. സമഗ്രവും വിശാലവുമായ പാര്‍ട്ടി അംഗത്വ പ്രചാരണം ഗുജറാത്തില്‍ ആ സമയത്ത് നടന്നതായി ഞാന്‍ ഓര്‍ക്കുന്നു. അംഗത്വ ഡ്രൈവുകള്‍ താഴേത്തട്ടിലേക്ക് സംഘടിപ്പിക്കാന്‍ മോദിജി ഉപയോഗിച്ച രീതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പഠനാനുഭവം മാത്രമല്ല, ഏറ്റവും താഴെത്തട്ടുമുതല്‍ ശ്രദ്ധയൂന്നിയുള്ള, സമഗ്രവും വിപുലവുമായ പ്രവര്‍ത്തനരീതി, അത് കണ്ടുപഠിക്കേണ്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് ഉള്‍ക്കണ്ണു തുറപ്പിക്കുന്നതുമായിരുന്നു.

2001 ല്‍ മോദിജി മുഖ്യമന്ത്രിയായപ്പോള്‍ ഗുജറാത്തിന്റെ വികസന മാതൃക മാറ്റാന്‍ അത് വഴിയൊരുക്കി. അക്കാലത്ത് അദ്ദേഹം നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു, സമര്‍പ്പിത നേതൃത്വം ഉണ്ടെങ്കില്‍ യഥാര്‍ഥ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന സന്ദേശം കൂടിയാണ് ഗുജറാത്ത് മോഡല്‍ വികസനം രാജ്യത്തിനു മുഴുവന്‍ നല്‍കിയത്. അഴിമതിയും അനാസ്ഥയും പിടിപ്പുകേടും നിറഞ്ഞ ഭരണം കാഴ്ചവച്ച, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ താഴെയിറക്കി ജനം ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് ഗുജറാത്ത് മോഡലിനു ലഭിച്ച ദേശീയ അംഗീകാരത്തിന്റെ കൂടി പ്രതിഫലനമായിരുന്നു. ഒരു സഹയാത്രികന്‍ എന്ന നിലയില്‍ മോദിജിയുടെ വീക്ഷണം ഗുജറാത്തിനെ എങ്ങനെ മാറ്റിമറിച്ചു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ എനിക്ക് പറയാനാകും.

മോദിജിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് വികസന മാതൃകയാണ് ഇന്ത്യയിലുടനീളം ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത്. നേതൃത്വം പ്രതിജ്ഞാബദ്ധമാണെങ്കില്‍ ഒരു യഥാര്‍ത്ഥ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന്  ജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കി. ഗുജറാത്തിന്റെ വളര്‍ച്ചയിലൂടെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് ബിജെപിയോടുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു.

‘സബ്ക സാത്ത്, സബ്ക വികാസ്’ എന്ന മുദ്രാവാക്യമുയര്‍ത്തി മോദിജി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു, അതിന്റെ ഫലമായി ദരിദ്രരുടെ ജീവിത സാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റം സംഭവിച്ചു. മോദി പ്രധാനമന്ത്രി ആയതു മുതലാണ്, തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുന്ന സര്‍ക്കാരുണ്ടെന്നു പാവങ്ങള്‍ക്കു ബോധ്യപ്പെട്ടത്. വികസന പദ്ധതികള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടി വന്നപ്പോഴും ഒരൊറ്റ അഴിമതിയാരോപണം പോലും മോദി സര്‍ക്കാരിനെതിരെ ഉണ്ടായില്ലെന്നതാണു ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇന്ത്യയുടെ രാഷ്ട്രീയത്തെ ദീര്‍ഘകാലമായി നശിപ്പിച്ചുകൊണ്ടിരുന്ന സ്വജനപക്ഷപാതം, ജാതീയത, പ്രീണനരാഷ്ട്രീയം എന്നിവ മോദിജി നേതൃസ്ഥാനത്തേക്കുയർന്നതോടെ  തകര്‍ന്നു തരിപ്പണമായി. ഇത് രാജ്യത്ത് നിലനിന്ന ഒരു രാഷ്ട്രീയ മിഥ്യധാരണയെയും കീഴ് വഴക്കത്തെയും തകര്‍ത്തു. ഗുജറാത്തിലെ ജനസംഖ്യയുടെ 1% ല്‍ താഴെയാണ് മോദിജിയുടെ ജാതിയില്‍പ്പെട്ടവരുടെ എണ്ണം എന്നത് അതിശയകരമാണ്. പക്ഷേ, ഗുജറാത്തിലും ഇപ്പോള്‍ ഇന്ത്യയിലുടനീളവും അദ്ദേഹം നേടിയ വിജയങ്ങള്‍ക്ക് കാരണം വികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദരിദ്രരോടും താഴ്ന്നവരോടും ഉള്ള പ്രതിബദ്ധതയാണ്.

മോദിജിയുടെ നേതൃത്വത്തില്‍, രാജ്യം ഒരു വികസിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയുടെ ചിത്രവും മാറിമറിയ്ക്കപ്പെട്ടു. 370ാം വകുപ്പു സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങള്‍ പിന്തുണച്ചതും പാകിസ്ഥാന്റെ നിലപാടിനെ അപലപിച്ചതും  ഇതിന്റെ ഏറ്റവും ശക്തമായ തെളിവാണ്. ആഗോളവേദികളില്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ പാക്കിസ്ഥാന്‍ പതിനെട്ടടവും പയറ്റുന്ന സാഹചര്യത്തിലാണ് ഇതെന്നോർക്കണം.

രാജ്യാന്തര യോഗാ ദിനം എന്ന അദ്ദേഹത്തിന്റെ നിര്‍ദേശത്തിന് ഐക്യരാഷ്ട്രസംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ പച്ചക്കൊടി കാട്ടിയതും ഇന്ത്യയുടെ പ്രതിഛായ വളര്‍ന്നതിന്റെ അടയാളമാണ്.

ആഗ്രഹിച്ച ഫലം ലഭിക്കാനായി കാര്യങ്ങള്‍ അടിമുടി അഴിച്ചുപണിയണമെന്നു വിശ്വസിക്കുന്നയാളാണു മോദി. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദുഷ്പ്രവണതകള്‍ മനസ്സില്‍വച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ,മുസ്ലീം സ്ത്രീകളെ മോചിപ്പിക്കുന്നതിനായി മുത്വലാഖില്‍ ഒരു നിയമം കൊണ്ടുവരാന്‍ ഏതെങ്കിലും പാര്‍ട്ടി ധൈര്യപ്പെടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?  അല്ലെങ്കില്‍ ജമ്മു കശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് പൂര്‍ണ്ണമായി ലയിപ്പിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്യുമെന്ന് ആരെങ്കിലും കരുതിയോ?

രാഷ്ട്രനിര്‍മാണത്തില്‍ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നു മോദി എല്ലായ്പോഴും എടുത്തു പറയാറുള്ളതാണ്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദേഹം ആദ്യമായി ചെയ്തത്ഇന്ത്യയുടെ ശുചിത്വം ഉറപ്പിക്കുന്നതിനായി ചൂലുമായി തെരുവിലിറങ്ങുക എന്നതാണ്. സ്വച്ഛ് ഭാരത് പദ്ധതി ഇന്നൊരു ദേശീയ മുന്നേറ്റമാണ്. അടുത്തതായി ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ലക്ഷ്യവും നമ്മള്‍ വൈകാതെ കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

അദ്ദേഹത്തിന്റെ ഭരണരീതിയുടെ മുഖമുദ്രകളിലൊന്ന് ജനങ്ങളുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. ആളുകള്‍ അദ്ദേഹം പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുക മാത്രമല്ല, അദ്ദേഹത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും അവ പിന്തുടരുകയും ചെയ്യുന്നു.

ജനങ്ങളുടെ – വിശേഷിച്ചും സഹായം ആവശ്യമുള്ളവരുടെയും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെയും – ജീവിതം മെച്ചപ്പെടുത്താനായി എത്ര അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും അദ്ദേഹം സദാ സന്നദ്ധനാണ്. ടീമിലെ ഓരോരുത്തരുടെയും മികവുകളും സവിശേഷതകളും മനസ്സിലാക്കാനും അതു വേണ്ടവിധം വിനിയോഗിക്കാനുമുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്. അതനുസരിച്ചാണ് പദ്ധതികളുടെ നിര്‍വഹണം അദ്ദേഹം ആസൂത്രണം ചെയ്യുന്നതും.

പതറാത്ത നിശ്ചയദാര്‍ഢ്യവും ഉലയാത്ത ക്ഷമാശീലവും നമ്മുടെ പ്രധാനമന്ത്രിയുടെ പ്രത്യേകതകളാണ്. തീരുമാനങ്ങളെടുക്കുന്നതില്‍ കരുത്തന്‍. ലക്ഷ്യം നേടാനുള്ള വഴിയിലെ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നയാള്‍. ലക്ഷ്യപ്രാപ്തിക്കായി ആശയങ്ങള്‍ ഒഴുകിയെത്തുമെന്നു വിശ്വസിക്കുന്ന പൊതുസമ്മതന്‍.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പുന -സ്ഥാപിക്കുന്നതിനും അതിനെ ഒരു സമത്വ സമൂഹമാക്കി മാറ്റുന്നതിനും അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്റെ കീഴില്‍ ഇന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ  ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ്. മോദിജിയുടെ ജന്മദിനത്തില്‍ ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു, അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും മാതൃരാജ്യത്തെയും മാനവികതയെയും സേവിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്‍കണമെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

1K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close