ന്യൂഡല്‍ഹി : ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോളതല അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിലവില്‍ സുപ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ വിജയകരമായ 100 ദിനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെക്കുറെ പൂര്‍ണ്ണമാണ്. ഏതൊരു ബന്ധത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും ജയശങ്കര്‍ പറഞ്ഞു. വ്യാപാര മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി രാജ്യത്തിനുള്ള ഏക പ്രശ്നം ഭീകരവാദമാണ്. പാകിസ്ഥാനില്‍ നിന്നാണ് രാജ്യം കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.