ന്യൂഡൽഹി : ഐ.എസ്.ആർ.ഒയുടെ ഗതി നിർണയ സംവിധാനമായ നാവിക് ( നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റെല്ലേഷൻ ) ആഗോള അംഗീകാരം നേടി. കാലിഫോർണിയയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്ന 3ജിജിപി യിലാണ് നാവികിനെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം വന്നത്. ഇതോടെ നാവികിനെ വ്യാവസായികമായി ഉപയോഗിക്കാൻ ഇന്ത്യക്ക് കഴിയും.
മൊബൈൽ ഫോണുകൾക്കും മറ്റ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും ഇനി നാവിക് ഉപയോഗിച്ച് ഗതിനിയന്ത്രണം സാദ്ധ്യമാക്കാം. നാവികിന്റെ ആഗോള അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ പ്രതികരിച്ചു. നിലവിൽ എട്ട് ഉപഗ്രഹങ്ങൾ നാവികിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഏഴെണ്ണം ഗതിനിയന്ത്രണത്തിനും ഒരെണ്ണം മെസ്സേജിംഗിനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാവിക് അടിസ്ഥാനമാക്കി കൂടുതൽ ആപ്പുകൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതിനിർണയ രംഗത്ത് സ്വന്തമായി പുതിയ സംവിധാനം ഉണ്ടാക്കിയ ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. സ്വന്തമായി നാവിഗേഷനു വേണ്ടി ഐ.ആർ.എൻ.എസ്.എസ് 1 എ ഉപഗ്രഹമാണ് ഇന്ത്യ ആദ്യം വിക്ഷേപിക്കുന്നത്. പിന്നീട് 2016 ഏപ്രിലിനകം ആറു ഉപഗ്രഹങ്ങൾ കൂടി വിജയകരമായി വിക്ഷേപിച്ചതോടെയാണ് സ്വന്തമായി ഗതിനിർണയ സംവിധാനം പ്രവർത്തനക്ഷമമായത്.
ഇന്ത്യയും 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും നാവികിന്റെ പരിധിയിൽ വരും. നേരത്തെ പ്രാദേശികമായി മാത്രം ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന നാവിക് ഇനി ആഗോളതലത്തിൽ ഉപയോഗിക്കാൻ കഴിയും. അമേരിക്കയുടെ ജിപിഎസ് – ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ആണ് പൊതുവെ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ ഉപയോഗിച്ചിരുന്നത്. റഷ്യയുടെ ഗ്ലോനസ് , യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗലീലിയോ , ചൈനയുടെ ബെയ്ദു, ജപ്പാന്റെ ക്യുഇസഡ്‌എസ്‌എസ് എന്നിവയാണ് മറ്റ് ഗതിനിർണയ സംവിധാനങ്ങൾ. ഇതിൽ റഷ്യയുടേയും അമേരിക്കയുടേയും സംവിധാനങ്ങൾ മാത്രമാണ് ആഗോളതലത്തിൽ ഉള്ളത്.















