കൊളംബോ: പരിമിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ഈ വര്‍ഷം ജൂലൈയില്‍ ഏകദിന ക്രക്കറ്റിനോട് വിട പറഞ്ഞ മലിംഗ സെപ്റ്റംബര്‍ 6ന് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20യില്‍ 4 പന്തില്‍ 4 വിക്കറ്റ് വീഴ്‌ത്തി തന്റെ ക്ലാസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ മലിംഗയുടെ കൃത്യതയും ബൗളിംഗ് ആക്ഷനും തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് പതിനേഴുകാരനായ മതീഷ പതിരണ.
അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് പതിരണയുടെ ബൗളിംഗ് ലോകം കണ്ടത്. 17 കാരനായ ഈ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മലിംഗയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പ്രകടനത്തില്‍ പതിരണ സ്വന്തമാക്കിയത് വെറും 7 റണ്‍സിന് 6 വിക്കറ്റ്. കൗണ്ടിയിലെ ട്രിനിറ്റി കോളേജിനായി കളിക്കുന്ന മതീഷ പതിരണ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാനായി മാരകമായ യോര്‍ക്കറുകളും ബൗണ്‍സറുകളും ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം.
Trinity College Kandy produces another Slinga !!
17 Year old Matheesha Pathirana took 6 wickets for 7 Runs on his debut game for Trinity !! #lka pic.twitter.com/q5hrI0Gl68
— Nibraz Ramzan (@nibraz88cricket) September 26, 2019
ട്രിനിറ്റി കോളേജിനായുള്ള തന്റെ ആദ്യ മത്സരത്തിലാണ് പതിരണ ഏവരേയും അമ്പരപ്പിച്ച പ്രകടനം പുറത്തെടുത്തത്. പതിരണക്ക് സമാനമായ പ്രകടനങ്ങള്‍ തുടരാന്‍ കഴിഞ്ഞാല്‍ സമീപഭാവിയില്‍ തന്നെ അദ്ദേഹത്തെ ശ്രീലങ്കന്‍ ജഴ്‌സിയില്‍ കണ്ടാലും അതിശയിക്കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.















