കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നൈജീരിയൻ താരം ബർത്തലോമിയ ഓഗ്ബെചെ നയിക്കും. പിറന്നാൾ ദിനത്തിലാണ് ഓഗ്ബെചെയെ ബ്ലാസ്റ്റേഴ്സിന്റെ നായകനായി മാനേജ്മെന്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന് വേണ്ടി കളിച്ച ഈ 34 കാരൻ ഈ വർഷമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
നൈജീരിയയിലെ ഒഗോജയിൽ ജനിച്ച ഒഗ്ബെചെ ഫ്രാൻസ്, സ്പെയ്ൻ, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ഗ്രീസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയ ശേഷം 2018 ലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ എസ് എൽ ടൂർണമെന്റിൽ ബൂട്ടണിയുന്നത്. 2002 മുതൽ 2005 വരെ നൈജീരിയൻ ദേശീയ ടീമിൽ അംഗമായിരുന്നു. 2002 സൗത്ത് കൊറിയൻ ലോകകപ്പിൽ നൈജീരിയക്കു വേണ്ടിയും ഒഗ്ബെചെ കളിച്ചു.
കഴിവു തെളിയിച്ച പരിചയസമ്പന്നനായ ഒരു കളിക്കാരനെന്ന നിലയിൽ ബർത്തലോമിയോ ഓഗ്‌ബെചെയ്‌ക്ക് ടീമിനെ ഫലപ്രദമായി നയിക്കാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷറ്റോരി പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാകുകയെന്നത് ഒരു വലിയ അംഗീകാരവും പദവിയുമാണെന്ന് നായകനായതിന് ശേഷം ഓഗ്ബെചെ പ്രതികരിച്ചു.















