ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ(ഐസിസി) നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ഗാന്ധിജയന്തി അതിവിപുലമായി ആഘോഷിച്ചു. അശോകാ ഹാളില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ഗാന്ധിജയന്തി സന്ദേശം നല്കി. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ആസ്പദമാക്കി സംഘടിപ്പിച്ച പ്രദര്‍ശനം വേറിട്ടതും ശ്രദ്ധേയവുമായി. ഗാന്ധിജി സമരായുധമാക്കിയ ചര്‍ക്ക ഉള്‍പ്പെടെ ഒട്ടേറെ വസ്തുക്കള്‍ ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും വിജ്ഞാനപ്രദവുമായി. വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും ആഘോഷങ്ങള്‍ക്കു മിഴിവേകി.