ദോഹ. ഖത്തറിലെ പ്രമുഖ വ്യവസായിയും കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ മരണത്തില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍(ഐസിസി) പ്രസിഡന്റ് എ.പി. മണികണ്ഠന്റെ അധ്യക്ഷതയില്‍ അബുഹമൂര്‍ അശോക ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ജീവകാരുണ്യമേഖലയില്‍ സി.കെ. മേനോന് നല്കിയ നിസ്തുല സംഭാവനകള്‍ അനുസ്മരിച്ചു. വിവിധ പ്രവാസി സംഘടനാ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന സി.കെ. മേനോന് 2006ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ പ്രവാസി പുരസ്കാരവും 2007ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ വേറെയും ലഭിച്ചിട്ടുണ്ട്.
1975ല്‍ ഖത്തറില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം അധികം വൈകാതെ സ്വന്തമായി ഗതാഗതം, പെട്രോളിയം വ്യാപാരം, ലോജിസ്റ്റിക്സ്, സ്റ്റീല്‍ വ്യവസായങ്ങളിലേക്കു പ്രവേശിച്ചു. ബഹ്സാദ് ഗ്രൂപ്പിന് ഇപ്പോള്‍ 13 വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. മുവായിരത്തിലേറെ മലയാളി ജീവനക്കാരാണ് ബഹ്സാദിനു ഖത്തറില്‍ മാത്രമുള്ളത്.
വ്യവസായി എന്നതിലേറെ ജീവകാരുണ്യ, സാമൂഹ്യസേവന, വിദ്യാഭ്യാസ മേഖലകളില്‍ നല്കിയ സംഭാവനകളാണ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ അദ്ദേഹത്തെ പ്രശസ്തനും പ്രിയങ്കരനുമാക്കിയത്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ഭവന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി നോര്‍ക്ക റൂട്ട്സിന്റെ വൈസ്ചെയര്മാനുമായിരുന്നു. ഭാര്യ: ജയശ്രീമേനോന്‍. മക്കള്‍: അഞ്ജന മേനോന് (ദോഹ), ശ്രീരഞ്ജിനി മേനോന് (യുകെ), ജയകൃഷ്ണന് മേനോന്(എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബഹ്സാദ് ഗ്രൂപ്പ്, ഖത്തര്‍)മരുമക്കള്‍: ഡോ. ആനന്ദ് (ദോഹ), ഡോ. റബീഷ് (യുകെ), ശില്പ (ദോഹ).