ബൊക്കാറോ: നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ വര്‍ക്കിങ്ങ് പ്രസിഡന്റ് ജെ പി നദ്ദ. രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയ്ക്ക് പുറത്ത് പീഡനം അനുഭവിക്കുന്ന മറ്റു ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി സ്വീകരിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും കയറിയിറങ്ങാന്‍ ഇന്ത്യ സത്രമല്ല, ഒരു രാജ്യമാണെന്നും നദ്ദ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ വെള്ളിയാഴ്ച നടന്ന ‘വിജയ് സങ്കല്‍പ്പ് യാത്ര’യുടെ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം സംസാരിച്ചിരുന്നു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യ ഒരു അഴിമതി നിറഞ്ഞ രാജ്യമായിരുന്നു. അന്നത്തെ ദുര്‍ബലരായ സര്‍ക്കാരിന് രാജ്യത്തെ അഴിമതി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അതിന്റെ ആദ്യപടി എന്ന നിലയില്‍ അസമില്‍ പൗരത്വ പട്ടിക നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളും പൗരത്വ പട്ടിക നടപ്പാക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഭീകരാക്രമണങ്ങളും നുഴഞ്ഞു കയറ്റവും വര്‍ദ്ധിച്ചതോടെയാണ് രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.